69 ഫ്ലോട്ടുകൾ, 99 കലാരൂപങ്ങൾ; അനന്തപുരിയിൽ വർണ്ണക്കടൽ: ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം,


ഷീബ വിജയൻ


ടൂറിസംവകുപ്പിന്റെ ഓണം വാരാഘോഷത്തിന് ഇന്ന് സമാപനമാകുന്നു. ആഘോഷപൂർവ്വമായ ഘോഷയാത്രയോടെയാണ് ഓണം വാരാഘോഷത്തിന് സമാപനം കുറിക്കുന്നത്. വൈകിട്ട് അഞ്ചിന് ലോക്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ ഫ്ലാഗ് ഓഫ് നിർവ്വഹിക്കും. ലോക്ഭവനിൽ നിന്നാരംഭിക്കുന്ന ഘോഷയാത്ര വെള്ളയമ്പലം, മ്യൂസിയം, പാളയം, സ്റ്റാച്യു വഴി കിഴക്കേക്കോട്ടയിൽ സമാപിക്കും. കേരളത്തിന്റെ വളർച്ചയും പാരമ്പര്യവും സംസ്കാരവും സാമൂഹ്യ പ്രസക്തിയുള്ള വിഷയങ്ങളും ആവിഷ്കരിക്കുന്ന 69ഓളം ഫ്ലോട്ടുകളും ഇൻസ്റ്റലേഷനുകളും ഘോഷയാത്രയിൽ അണിനിരക്കും. നാടൻകലകളും തനതുരൂപങ്ങളും ഉൾപ്പെടെ 99ഓളം കലാരൂപങ്ങളും ഘോഷയാത്രയുടെ ഭാഗമാകും.

ഉദ്ഘാടന പവിലിയൻ മാനവീയം വീഥിക്കു സമീപവും വിവിഐപി പവിലിയനുകൾ സംസ്ഥാന പബ്ലിക് ലൈബ്രറി, യൂണിവേഴ്സിറ്റി കോളജ് എന്നിവയ്ക്ക് സമീപവും ജഡ്ജസ് പോയിന്റ് ടൂറിസം ഡയറക്ടറേറ്റിന് സമീപവുമാണ് സജ്ജമാക്കുന്നത്. വിദേശ വിനോദസഞ്ചാരികൾക്കായി പ്രത്യേക പവിലിയനുമുണ്ടാകും. 24ന് ആരംഭിച്ച വാരാഘോഷത്തിന്റെ ഭാഗമായി നഗരത്തിലെ 35 വേദികളിൽ വിവിധ കലാപരിപാടികൾ അരങ്ങേറിയിരുന്നു.

ഓണം വാരാഘോഷ സമാപന ഘോഷയാത്രയോടനുബന്ധിച്ച് ഞായറാഴ്ച നഗരത്തിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി സന്ദർശകർക്ക് വിവിധ സ്ഥലങ്ങളിൽ വണ്ടി പാർക്ക് ചെയ്യാൻ അവസരമൊരുക്കിയിട്ടുണ്ട്. പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽ ഡ്രൈവറുടെ മൊബൈൽ നമ്പർ പ്രദർശിപ്പിക്കണം. റെയിൽവേ സ്റ്റേഷനിലേക്കും എയർപോർട്ടിലേക്കും പോകേണ്ടവർ യാത്ര മുൻകൂട്ടി ക്രമീകരിക്കണം. ആംബുലൻസുകളും മറ്റ് എമർജൻസി വാഹനങ്ങളും ഘോഷയാത്ര പോകുന്ന റൂട്ട് ഒഴിവാക്കി യാത്ര ചെയ്യണം. ഗതാഗത ക്രമീകരണം അറിയാൻ 0471 2558731, 9497930055 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം. ഘോഷയാത്ര ആരംഭിക്കുന്ന കവടിയാർ മുതൽ കിഴക്കേകോട്ട, വെട്ടിമുറിച്ചകോട്ട, തെക്കേനട, വാഴപ്പള്ളി, മിത്രാനന്ദപുരം, ഈഞ്ചക്കൽ വരെയുള്ള റോഡിലും നഗരത്തിലെ പ്രധാന റോഡുകളിലും ഇടറോഡുകളിലും ഞായറാഴ്ച പകൽ 2 മുതലാണ് ഗതാഗത നിയന്ത്രണം നിലവിൽ വരുന്നത്.

article-image

frrferer

You might also like

  • Lulu Exchange
  • Straight Forward

Most Viewed