ശബരിമല സ്വർണ്ണക്കൊള്ള: സ്വർണം വേർതിരിച്ചത് 'സ്ട്രിപ്പിങ് സോൾട്ട് ' ഉപയോഗിച്ച്; കേസിൽ നിർണ്ണായക തെളിവ് പുറത്ത്
ഷീബ വിജയൻ
ശബരിമലയിലെ ദ്വാരപാലക ശിൽപം, കട്ടിളപ്പാളി എന്നിവയിൽ നിന്ന് സ്വർണം വേർതിരിച്ചെടുക്കാൻ ഉപയോഗിച്ചത് 'സ്ട്രിപ്പിങ് സോൾട്ട്' എന്നറിയപ്പെടുന്ന രാസവസ്തുവാണെന്ന് ഉറപ്പാക്കി ശാസ്ത്രീയ പരിശോധനാഫലം പുറത്തുവന്നു. അടുത്തയാഴ്ച എസ്ഐടി ഹൈക്കോടതിയിൽ സമർപ്പിക്കുന്ന കട്ടിളപ്പാളി കേസിന്റെ അന്തിമ കുറ്റപത്രത്തിൽ ഇത് ഉൾപ്പെടുത്തിയേക്കും. ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ നിന്ന് ശേഖരിച്ച സ്ട്രിപ്പിങ് സോൾട്ടിന്റെ സാമ്പിൾ ശാസ്ത്രീയ പരിശോധനയ്ക്കായി ജംഷഡ്പുരിലെ ലബോറട്ടറിയിലേക്ക് അയച്ചിരുന്നു. അവിടെ നിന്ന് ലഭിച്ച പരിശോധനാഫലം സ്വർണ്ണക്കൊള്ളയിൽ സ്മാർട്ട് ക്രിയേഷൻസിന്റെ പങ്ക് തെളിയിക്കുന്നതിൽ നിർണ്ണായകമായി. കട്ടിളപ്പാളി മറ്റാർക്കും കൈമാറിയിട്ടില്ലെന്നാണ് ശാസ്ത്രീയമായ പരിശോധനയിലെ കണ്ടെത്തൽ.
സ്വർണം വേർതിരിക്കാൻ മെർക്കുറിയും അനുബന്ധ രാസലായനികളും ചേർത്തതിനെ തുടർന്ന് പാളിയുടെ ഘടനയിൽ വ്യത്യാസം ഉണ്ടായതായി ലബോറട്ടറിയിലെ ഉദ്യോഗസ്ഥർ നേരിട്ടെത്തി എസ്ഐടിക്ക് മൊഴി നൽകിയിട്ടുണ്ട്. രാസവസ്തുക്കൾ വാങ്ങിയത് മുംബൈയിൽനിന്നാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇതിനോടകം 430 പേരുടെ സാക്ഷിമൊഴി രേഖപ്പെടുത്തി. ജംഷഡ്പുരിലെ ലബോറട്ടറിയിലെ വിദഗ്ധരും ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും കേസിൽ സാക്ഷികളാകുമെന്നാണ് വിവരം. കഴിഞ്ഞ മാസം കേസ് പരിഗണിച്ചപ്പോൾ കുറ്റപത്രം ഒരുമാസത്തിനുള്ളിൽ സമർപ്പിക്കണമെന്ന് കോടതി എസ്ഐടിക്ക് നിർദ്ദേശം നൽകിയിരുന്നു. കട്ടിളപ്പാളി, ദ്വാരപാലക ശിൽപം എന്നീ രണ്ടു കേസുകളിലും ഉണ്ണിക്കൃഷ്ണൻ പോറ്റിയാണ് ഒന്നാം പ്രതി.
fvdfdsdfs

