നറുക്കുവീണില്ല; പ്രേമചന്ദ്രന്‍റെ ശബരിമല ബിൽ ലോക്സഭ ചർച്ചയ്ക്കെടുക്കില്ല
ന്യൂഡൽഹി: എൻ.കെ. പ്രേമചന്ദ്രൻ എംപി ലോക്സഭയിൽ അവതരിപ്പിച്ച ശബരിമല സ്വകാര്യബിൽ ചർച്ചയ്ക്കെടുക്കില്ല. ചർച്ചയ്ക്കെടുക്കേണ്ട ബില്ലുകൾ നറുക്കിട്ടെടുത്തപ്പോൾ ശബരിമല ബിൽ ഉൾപ്പെട്ടിട്ടില്ല. പ്രേമചന്ദ്രൻ അവതരിപ്പിച്ച നാലു ബില്ലുകളും നറുക്കെടുപ്പിൽ തള്ളിപ്പോയി. ഒമ്പത് അംഗങ്ങൾ അവതരിപ്പിച്ച മുപ്പതു സ്വകാര്യബില്ലുകളിൽ നിന്നു മൂന്നെണ്ണമാണു ചർച്ചയ്ക്കായി നറുക്കിട്ടെടുത്തത്. ജനാർദൻ സിംഗ് സിഗ്രിവാൾ, സുനിൽ കുമാർ സിംഗ്, ശ്രീരംഗ് ബർണ എന്നിവരുടെ ബില്ലുകളാണു പാർലമെന്‍റിൽ ചർച്ചയ്ക്കു വരിക. തൊഴിലുറപ്പ്, ഇഎസ്ഐ, സർഫാസി നിയമ ഭേദഗതി ബില്ലുകൾക്കുൾപ്പെടെ നറുക്കുവീണില്ല.
ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങൾ 2018 സെപ്റ്റംബർ ഒന്നിനു നിലവിലുണ്ടായിരുന്നതു പോലെ തന്നെ നിലനിർത്താനുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തിയാണു പ്രേമചന്ദ്രൻ ബിൽ അവതരിപ്പിച്ചത്. ഇനിവരുന്ന നറുക്കെടുപ്പുകളിലും പ്രേമചന്ദ്രന്‍റെ ബിൽ ഉൾപ്പെടുത്തുമെങ്കിലും ചർച്ചയ്ക്കു വരാനുള്ള സാധ്യത കുറയും. 17-ാം ലോക്സഭയിലെ ആദ്യ സ്വകാര്യ ബില്ലാണിത്. ബിൽ പാസാക്കാൻ കേന്ദ്രത്തിന് അവസരമുണ്ടായിട്ടും നിയമം കൊണ്ടുവന്നിട്ടില്ലെന്നു നേരത്തെ പ്രേമചന്ദ്രൻ കുറ്റപ്പെടുത്തിയിരുന്നു.

