മെഴുകുതിരി കരുതിവെച്ചോളൂ! പവർകട്ട് ഇനി സന്ദേശമയച്ച് 'മാന്യമായി' എത്തും
ഷീബ വിജയൻ
തിരുവനന്തപുരം: സംസ്ഥാനത്തെ ലോഡ് ഷെഡിങ് നടപടികളിൽ ഏകീകൃത സമയക്രമം പാലിക്കാൻ നിർദേശം നൽകി. ഇതനുസരിച്ച് പ്രദേശങ്ങളിൽ ഒരാഴ്ചത്തേക്ക് ഒരേ സമയത്തായിരിക്കും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുക. പവർകട്ട് സംബന്ധിച്ച വിവരങ്ങൾ മുൻകൂട്ടി ഉപഭോക്താക്കളെ അറിയിക്കുന്ന പുതിയ സംവിധാനം ഇന്ന് മുതൽ സംസ്ഥാനവ്യാപകമായി നിലവിൽ വരുമെന്ന് കെഎസ്ഇബി അറിയിച്ചു. വൈദ്യുതി തടസ്സപ്പെടുന്നതിന് ഒന്നര മണിക്കൂർ മുൻപ് ഉപഭോക്താക്കളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറുകളിലേക്ക് വിവരങ്ങൾ സന്ദേശമായി എത്തും. തിരുവനന്തപുരം ജില്ലയിൽ നടത്തിയ പരീക്ഷണ ഘട്ടം വിജയകരമായതിനെ തുടർന്നാണ് പദ്ധതി സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കുന്നത്.
അതേസമയം, കഴിഞ്ഞ ദിവസം സംസ്ഥാനത്തെ വൈദ്യുതി ആവശ്യകതയിൽ 700 മെഗാവാട്ടിന് മുകളിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിലെ പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ ജലവൈദ്യുതി ഉൽപ്പാദനം വർധിപ്പിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. എൽനിനോ പ്രതിഭാസം കാരണം മഴ കുറഞ്ഞതും അന്തരീക്ഷ താപനില വർദ്ധിച്ചതും വൈകുന്നേരം 6 മണിക്കുശേഷമുള്ള വൈദ്യുതി ഉപയോഗം കുതിച്ചുയർന്നതും 6 പവർ എക്സ്ചേഞ്ചുകളിലെ വൈദ്യുതി ലഭ്യതയിൽ ഗണ്യമായ കുറവുണ്ടായതും കേന്ദ്ര വൈദ്യുതി നിലയങ്ങളിലെ ഉത്പാദനക്കുറവുമാണ് വൈദ്യുതി നിയന്ത്രണത്തിന് അനിവാര്യമായതെന്നാണ് കെഎസ്ഇബി പറയുന്നത്. വൈകുന്നേരം ആറിനും രാത്രി പന്ത്രണ്ടിനുമിടയിൽ 800-900 മെഗാവാട്ടിന്റെ കുറവുണ്ട്. ഈ പ്രതിസന്ധി പരിഹരിക്കുന്നതിന് വൈദ്യുതി നിയന്ത്രണമല്ലാതെ മറ്റ് മാർഗങ്ങളില്ലെന്നും കെഎസ്ഇബി അറിയിച്ചു. വൈദ്യുതി പ്രതിസന്ധിയിൽ അത്ഭുത പ്രവൃത്തി സാധ്യമല്ലെന്ന് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. യൂണിറ്റിന് 4.29 രൂപയ്ക്ക് കിട്ടുമായിരുന്ന കരാർ റദ്ദാക്കിയത് എൽഡിഎഫ് സർക്കാരിന്റെ കാലത്താണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. റഗുലേറ്ററി കമ്മീഷനാണ് കരാർ റദ്ദാക്കിയതെങ്കിലും വൈദ്യുതി നിയമത്തിന്റെ 108-ാം വകുപ്പനുസരിച്ച് സർക്കാരിന് ഇടപെടാമായിരുന്നു. എന്നാൽ സർക്കാർ ആറു മാസം കഴിഞ്ഞാണ് ഇടപെട്ടതെന്നും ഇതിന്റെ പാപഭാരം ചുമക്കുന്നത് ജനങ്ങളാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
asdsaadss

