തുടർച്ചയായ മൂന്നാം ദിവസവും നിയമസഭയില്‍ പ്രതിപക്ഷ ബഹളം

തിരുവനന്തപുരം : നിയമസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം. പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയുമായുള്ള വാക്പോരിനെ തുടര്‍ന്ന് സഭ ബഹളത്തില്‍ കലാശിച്ചു. സ്പീക്കറുടെ കാഴ്ച മറയ്ക്കുന്ന തരത്തില്‍ പ്രതിപക്ഷം ബാനറുയര്‍ത്തിയതിനെത്തുടർന്ന് ഭരണപക്ഷ എംഎല്‍എമാരും പ്രതിപക്ഷവും തമ്മില്‍ രൂക്ഷമായ വാക്കേറ്റമുണ്ടായി. 18-ാം മിനിറ്റില്‍ ചോദ്യോത്തരവേളയും സബ്മിഷന്‍, ശ്രദ്ധക്ഷണിക്കല്‍ എന്നിവയും റദ്ദാക്കി. ഒരു ബില്‍ ചര്‍ച്ച കൂടാതെ സബ്ജക്റ്റ് കമ്മിറ്റിക്ക് വിട്ടു.
രാവിലെ സഭ ആരംഭിച്ചതോടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, തങ്ങൾ സഭാ നടപടികളുമായി സഹകരിക്കുമെന്ന് അറിയിച്ചു. യുഡിഎഫിന്റെ മൂന്ന് എംഎൽഎമാർ നിയമസഭാ കവാടത്തിനുമുന്നില്‍ സത്യഗ്രഹമിരിക്കുന്നതായും ചെന്നിത്തല അറിയിച്ചു. പാറക്കൽ അബ്ദുല്ല, എൻ. ജയരാജ്, വി.എസ്.ശിവകുമാർ എന്നിവരാണു സത്യഗ്രഹം ഇരിക്കുന്നത്. ഇതോടെ കോൺഗ്രസും ആർഎസ്എസും ഒത്തുകളിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. രാഹുൽ ഗാന്ധിയുടേതല്ല, അമിത് ഷായുടെ നിലപാടാണു യുഡിഎഫ് പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതിനു മറുപടിയുമായി എഴുന്നേറ്റ രമേശ് ചെന്നിത്തലയ്ക്കു മൈക്ക് കൊടുക്കാതിരുന്നതാണു പ്രശ്നങ്ങൾക്ക് ഇടയാക്കിയത്.
എല്ലാ ദിവസവും സഭ പെട്ടെന്നു പിരിയേണ്ടിവരുന്ന സാഹചര്യം ശരിയല്ലെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണൻ പറഞ്ഞു. തുടർച്ചയായി സഭ തടസ്സപ്പെടുന്നത് അനുവദിക്കാനാകില്ല. സഭാ നടപടികളുമായി സഹകരിക്കാമെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചിരുന്നുവെന്നും സ്പീക്കര്‍ പറഞ്ഞു. പ്രതിഷേധം തുടർന്ന പ്രതിപക്ഷാംഗങ്ങളെ സ്പീക്കർ ശാസിക്കുകയും ചെയ്തു.