ജനവിധി ആദരവോടെ സ്വീകരിക്കുന്നു; ഉത്തരവാദിത്തമുള്ള പ്രതിപക്ഷമായി എൽഡിഎഫ് മുന്നോട്ട് പോകുമെന്ന് പിണറായി വിജയൻ
ശാരിക l കേരളം
തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിലെ ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നുവെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. വിജയം നേടിയ യുഡിഎഫിനെ അഭിനന്ദിച്ച അദ്ദേഹം, ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ സംബന്ധിച്ചിടത്തോളം ഈ ഫലം തീർത്തും അപ്രതീക്ഷിതമാണെന്നും കൂട്ടിച്ചേർത്തു. മൂന്നാംവട്ടം തുടർച്ചയായ വിജയം പ്രതീക്ഷിച്ചിരുന്നെങ്കിലും അത് കൈവിട്ടുപോയ സാഹചര്യത്തിൽ, വലിയൊരു ജനവിഭാഗം എൽഡിഎഫിനൊപ്പം ഉറച്ചുനിന്നത് ആത്മവിശ്വാസം നൽകുന്ന കാര്യമാണെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ അറിയിച്ചു.
ജനവിധി എൽഡിഎഫിന് ഒരു അവസാനമല്ല, മറിച്ച് രാഷ്ട്രീയ പ്രവർത്തനത്തിനുള്ള പുതിയ തുടക്കമാണ്. കഴിഞ്ഞ 10 വർഷമായി നടപ്പിലാക്കിയ വികസന പദ്ധതികൾ നിലച്ചുപോകാതിരിക്കാൻ ശക്തമായ ജനജാഗ്രത പുലർത്തും. വിജ്ഞാന സമ്പദ്വ്യവസ്ഥ, യുവജന തൊഴിൽ, സാമൂഹ്യനീതി തുടങ്ങിയ മേഖലകളിൽ എൽഡിഎഫ് മുന്നോട്ടുവച്ച കാഴ്ചപ്പാടുകൾ നടപ്പിലാക്കുന്നുണ്ടെന്ന് ഉത്തരവാദിത്തമുള്ള പ്രതിപക്ഷമെന്ന നിലയിൽ ഉറപ്പാക്കും. അതിദാരിദ്ര്യ നിർമാർജനം ഉൾപ്പെടെയുള്ള നയങ്ങൾ നടപ്പിലാക്കാൻ പുതിയ സർക്കാരിന്മേൽ ജനാധിപത്യപരമായ സമ്മർദ്ദം ചെലുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്തിന്റെ മതനിരപേക്ഷത സംരക്ഷിക്കുന്നതിൽ എൽഡിഎഫ് വിട്ടുവീഴ്ചയില്ലാത്ത നിലപാട് തുടരും. ബിജെപി മൂന്ന് സീറ്റുകൾ നേടിയത് ഗൗരവതരമാണെന്നും വർഗീയതയോട് സന്ധി ചെയ്യാതെയുള്ള പോരാട്ടം തുടരുമെന്നും പിണറായി വിജയൻ പറഞ്ഞു. തെരഞ്ഞെടുപ്പിൽ നടന്ന വ്യാജപ്രചാരണങ്ങളും ചില മാധ്യമങ്ങളുടെ നിലപാടും പരിശോധിക്കപ്പെടേണ്ടതാണ്. തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് ജനാധിപത്യപരമായ തുറന്ന പരിശോധന നടത്തുമെന്നും പ്രവർത്തകരിൽ നിന്നും പൊതുസമൂഹത്തിൽ നിന്നും ഉയരുന്ന വിമർശനങ്ങൾ ഗൗരവമായി കാണുമെന്നും അദ്ദേഹം അറിയിച്ചു. എൽഡിഎഫിനായി അഹോരാത്രം പ്രവർത്തിച്ച പ്രവർത്തകരെ അദ്ദേഹം അഭിവാദ്യം ചെയ്തു.
bfghfgh

