ലാവലിന്‍ കേസ്: സിബിഐ അപ്പീലില്‍ അന്തിമ വാദം തുടങ്ങുന്ന തീയതി ജനുവരിയില്‍ അറിയിക്കാമെന്ന് സുപ്രിം കോടതി


ദില്ലി: ലാവലിന്‍ കേസില്‍ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരായ സിബിഐ അപ്പീലില്‍ അന്തിമ വാദം തുടങ്ങുന്ന തീയതി ജനുവരിയില്‍ അറിയിക്കാമെന്നു സുപ്രിം കോടതി.സിബിഐയും കെഎസ്ഇബി ഉദ്യോഗസ്ഥരും നല്‍കിയ ഹര്‍ജികള്‍ ഒരുമിച്ചു പരിഗണിക്കുമെന്നും കോടതി അറിയിച്ചു.

എസ്എന്‍സി ലാവലിന്‍ കേസില്‍ പിണറായി വിജയന്‍ ഉള്‍പ്പടെ മൂന്ന് പ്രതികളെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്ക് എതിരെ സിബിഐ നല്‍കിയ അപ്പീലും വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിക്കെതിരെ കെഎസ്ഇബി മുന്‍ ഉദ്യോഗസ്ഥരായ കസ്തുരി രംഗ അയ്യര്‍, കെജി രാജശേഖരന്‍ നായര്‍, ആര്‍ ശിവദാസന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജികളുമാണ് സുപ്രിം കോടതിയുടെ പരിഗണനയില്‍ ഉള്ളത്.

മുഴുവന്‍ ഹര്‍ജികളും ഒരുമിച്ചു പരിഗണിക്കുമെന്ന് ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ ബഞ്ച് പറഞ്ഞു. കേസില്‍ രണ്ട് കോടതികള്‍ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കി അനുകൂല ഉത്തരവ് നല്‍കിയതായി പിണറായി വിജയന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ വി ഗിരി പറഞ്ഞു.

ഹര്‍ജികളില്‍ അന്തിമ വാദം തുടങ്ങുന്ന തീയതി ജനുവരിയില്‍ അറിയിക്കാമെന്നു കോടതി വ്യക്തമാക്കി. ജനുവരി രണ്ടാം വാരം കേസ് വീണ്ടും പരിഗണിക്കും. കെഎസ്ഇബി ഉദ്യോഗസ്ഥര്‍ നല്‍കിയ ഹര്‍ജികളില്‍ സിബിഐ മറുപടി സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. പ്രതി പട്ടികയില്‍ നിന്ന് ഹൈക്കോടതി ഒഴിവാക്കിയ പിണറായി വിജയന്‍, കെ മോഹനചന്ദ്രന്‍, എ ഫ്രാന്‍സിസ് എന്നിവര്‍ ലാവലിന്‍ ഇടപാടിലെ ഗൂഢാലോചയില്‍ പങ്കാളികളാണെന്നാണ് അപ്പീലില്‍ സിബിഐയുടെ വാദം. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed