നെഹ്റു ട്രോഫിക്ക് സച്ചിൻ മുഖ്യാതിഥിയാകും
ആലപ്പുഴ : ഇത്തവണത്തെ നെഹ്റു ട്രോഫി ജലമേളയ്ക്ക് സച്ചിൻ ടെൻഡുൽക്കർ മുഖ്യാതിഥിയാകും. നെഹ്റുട്രോഫി മേളയിൽ ഏറ്റവും മികവ് പുലർത്തുന്ന ഒന്പത് ചുണ്ടൻ വള്ളങ്ങളായിരിക്കും കേരള ബോട്ട് ലീഗിന്റെ ഭാഗമായുള്ള മത്സരങ്ങളിലും മാറ്റുരയ്ക്കുകയെന്ന് ധനകാര്യമന്ത്രി ഡോ.ടി.എം തോമസ് ഐസക്. 66-ാമത് നെഹ്റുട്രോഫിക്ക് മുന്നോടിയായുള്ള ജനറൽ ബോഡി യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
നെഹ്റുട്രോഫിയിൽ എല്ലാവർക്കും പങ്കെടുക്കാൻ അവസരം നൽകുമെന്നും ക്രിക്കറ്റ് താരം സച്ചിൻ ടെൻഡുൽക്കർ ഇത്തവണ നെഹ്റു ട്രോഫിക്ക് മുഖ്യാതിഥിയായി പങ്കെടുക്കാമെന്ന് ഉറപ്പു നൽകിയാതായും മന്ത്രി യോഗത്തെ അറിയിച്ചു.പണം കൊടുത്ത് വള്ളംകളി കാണാനെത്തുന്നവർക്ക് പ്രത്യേക മേഖല തിരിച്ച് എല്ലാ സൗകര്യങ്ങളും നൽകുമെന്ന് ധനമന്ത്രി ജനറൽ ബോഡി യോഗത്തിൽ പറഞ്ഞു. നെഹ്റു ട്രോഫിക്ക് ഓൺലൈൻ ബുക്കിംഗ് സൗകര്യം ഏർപ്പെടുത്തുന്നുണ്ട്. വിവിധ സംസ്ഥാന ങ്ങളിൽ നിന്ന് ബുക്ക് ചെയ്യുന്നതിന് ആപ്ലിക്കേഷൻ ഉണ്ടാകും. ഇത്തവണ ആദ്യമായി ഫിനിഷിംഗ് കൃത്യത ഉറപ്പു വരുത്തുന്നതിനായി ഫോട്ടോ ഫിനിഷ് സംവിധാനം നടപ്പിലാക്കാന് തീരുമാനിച്ചു. സ്റ്റാർട്ടിംഗ് സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ലെങ്കിലും ഫോട്ടോ സ്റ്റാർട്ടിങ് പരിഗണനയിലുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
ആദ്യമായി ഗ്രീൻ പ്രോട്ടോകോൾ പൂർണമായി പാലിച്ചുകൊണ്ടായിരിക്കും നെഹ്റു ട്രോഫി വള്ളംകളി നടക്കുക. ഇതിന് ആലപ്പുഴ നഗരസഭ നേതൃത്വം നൽകും. മലിനീകരണത്തിന് എതിരേയുള്ള സന്ദേശം കൂടിയാവും ഇത്തവണത്തെ വള്ളംകളിയെന്ന് മന്ത്രി പറഞ്ഞു. ജനറൽ ബോഡി യോഗത്തിൽ എൻ.ടി.ബി.ആർ.സൊസൈറ്റി ചെയർമാൻ ജില്ലാ കളക്ടർ എസ്.സുഹാസ്, നഗരസഭാ ചെയർമാൻ തോമസ് ജോസഫ്, എൻ.ടി.ബി.ആർ.സൊസൈറ്റി സെക്രട്ടറി സബ് കലക്ടർ വി.ആർ കൃഷ്ണതേജ, മുൻ എം.എൽ.എമാരായ സി.കെ സദാശിവൻ, കെ.കെ ഷാജു, വിവിധ സബ്കമ്മറ്റി കൺവീനർമാർ എന്നിവർ പങ്കെടുത്തു.
സംസ്ഥാന ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന കേരള ബോട്ട് റേസ് ലീഗിന്റെ യോഗ്യതാ മത്സരം കൂടിയാകും നെഹ്റു ട്രോഫി ജലമേള. നെഹ്റു ട്രോഫിയിൽ ആദ്യ ഒന്പത് സ്ഥാനങ്ങളിലെത്തുന്ന ചുണ്ടൻവള്ളങ്ങൾക്കാണു തുടർന്ന് ലീഗിൽ നടക്കുന്ന 12 മത്സരങ്ങളിലും പങ്കെടുക്കാൻ അവസരം ലഭിക്കുക.




