സൗദിയിൽ ബിനാമി സ്ഥാപനങ്ങൾ പൂർണമായി അടക്കില്ല
റിയാദ് : വിദേശികൾ ബിനാമിയായി നടത്തുന്ന സ്ഥാപനങ്ങൾ ശാശ്വതമായി അടപ്പിക്കുന്നതിന് പകരം സൗദികൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിന് ഇവ പ്രയോജനപ്പെടുത്താൻ നീക്കം. ചെറുകിട, ഇടത്തരം സ്ഥാപന അതോറിറ്റിയാണ് (മുൻശആത്ത്) ഇക്കാര്യം പരിശോധിക്കുന്നത്. മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ബിനാമി വ്യാപാര സ്ഥാപനങ്ങൾ പൂട്ടുന്നത് പല പ്രതികൂല ഫലങ്ങളുമുണ്ടാക്കുമെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം.
ബിനാമി സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നത് സൗദികൾക്ക് തൊഴിൽ നഷ്ടപ്പെടൽ, വിൽപന കുറയൽ, ഉപഭോക്താക്കളുടെ എണ്ണം കുറയൽ, പ്രാദേശിക സന്പദ്വ്യവസ്ഥ ക്ഷയിക്കൽ പോലുള്ള നിരവധി പ്രതികൂല ഫലങ്ങളുണ്ടാക്കുമെന്ന് ജിദ്ദ ചേംബർ ഓഫ് കൊമേഴ്സ് ആന്റ് ഇൻഡസ്ട്രി ആസ്ഥാനത്ത് സംഘടിപ്പിച്ച സെമിനാറിൽ മുൻശആത്ത് പറഞ്ഞു. വിദേശികൾ ബിനാമിയായി നടത്തുന്ന പല സ്ഥാപനങ്ങൾക്കും മുപ്പതു മുതൽ നാൽപ്പതു വർഷം വരെ പഴക്കമുണ്ട്. ഇവ അടച്ചുപൂട്ടുന്നത് ദേശീയ സന്പദ് വ്യവസ്ഥക്ക് വലിയ നഷ്ടമുണ്ടാക്കും. ഇത്തരം സ്ഥാപനങ്ങൾഅടച്ചുപൂട്ടാതെ പ്രയോജനപ്പെടുത്തുന്നതിന് ആവശ്യമായ നിയമ ഭേദഗതികൾക്ക് ശ്രമിക്കുമെന്ന് മുൻശആത്ത് പറഞ്ഞു.
ബിനാമി ബിസിനസ് കേസ് പ്രതികൾക്ക് പത്തു ലക്ഷം റിയാൽ വരെ പിഴയും രണ്ടു വർഷം വരെ തടവു ശിക്ഷയുമാണ് നിയമം അനുശാസിക്കുന്നത്. ബിനാമി സ്ഥാപനങ്ങൾ നടത്തുന്ന വിദേശികൾക്കും അവർക്ക് ഒത്താശ ചെയ്യുന്ന സൗദികൾക്കും ഒരുപോലെ ശിക്ഷ ലഭിക്കും. നിയമ ലംഘകരായ വിദേശികളെ നാടുകടത്തുകയും ചെയ്യും.
ലൈസൻസുകളും കൊമേഴ്സ്യൽ രജിസ്ട്രേഷനുകളും റദ്ദാക്കി ബിനാമി സ്ഥാപനങ്ങൾ എന്നെന്നേക്കുമായി അടച്ചുപൂട്ടുന്നതിനും അതേ മേഖലകളിൽ പുതിയ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിൽ നിന്ന് കുറ്റക്കാരായ സൗദികൾക്ക് വിലക്കേർപ്പെടുത്തുന്നതിനും നിയമം അനുശാസിക്കുന്നു.
പുതുതായി പന്ത്രണ്ടു മേഖലകളിൽ കൂടി സന്പൂർണ സൗദിവൽക്കരണം നടപ്പാക്കുന്നത് സൗദിവൽക്കരണം എട്ടു മുതൽ പത്തു ശതമാനം വരെ വർദ്ധിക്കുന്നതിന് സഹായിക്കും.




