രാഷ്ട്രീയ പ്രസ്താവന വേണ്ട : മനുഷ്യാവകാശ കമ്മീഷനെതിരെ മുഖ്യമന്ത്രി
തിരുവനന്തപുരം : വരാപ്പുഴ സ്വദേശി ശ്രീജിത്തിന്‍റെ കസ്റ്റഡി മരണത്തിൽ പോലീസ് അന്വേഷണം ഫലപ്രദമല്ലെന്ന് ആരോപിച്ച സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ആക്റ്റിംഗ് ചെയർമാൻ പി. മോഹനദാസിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മനുഷ്യാവകാശ കമ്മീഷൻ എന്തും വിളിച്ച് പറയുന്ന മാനസികാവസ്ഥയിലാണെന്നും കമ്മീഷൻ കമ്മീഷന്‍റെ പണിയെടുത്താൽ മതിയെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു. നേരത്തെയുള്ള രാഷ്ട്രീയ നിലപാടിന്‍റെ പേരിൽ മനുഷ്യാവകാശ കമ്മീഷൻ പ്രസ്താവനകൾ നടത്തരുത്. അന്വേഷണം ഫലപ്രദമല്ലെന്ന കമ്മീഷന്‍റെ പ്രസ്താവന അപക്വമാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
ശ്രീജിത്തിന്‍റെ കസ്റ്റഡി മരണം ദൗർഭാഗ്യകരമാണ്. കേസിന്‍റെ അന്വേഷണം ഫലപ്രദമായാണ് നടക്കുന്നത്. സംഭവത്തിൽ ഉൾപ്പെട്ട പോലീസുകാരെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതൽ പോലീസുകാർക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാൽ അവർക്കെതിരെയും നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മൂന്നാം മുറ ആരോപണം ആദ്യമായിട്ടല്ല ഉയർന്ന് വരുന്നതെന്ന് പറഞ്ഞ മുഖ്യമന്ത്രി എത്രയും പെട്ടെന്ന് ശക്തമായ നടപടിയുണ്ടാവുന്നത് ആദ്യമായിട്ടാണെന്നും വ്യക്തമാക്കി. ഏപ്രിൽ ഒന്പതിനാണ് ശ്രീജിത്ത് പോലീസ് കസ്റ്റഡിയിൽ മരിച്ചത്. 12ന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. കേസ് ക്രൈംബ്രാഞ്ച് ഐ.ജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിച്ച് വരികയാണ്. അന്വേഷണം ശരിയായ ദിശയിൽ തന്നെയാണ് പോകുന്നതെന്നും പിണറായി പറഞ്ഞു.
അതേസമയം വിദേശവനിത ലിഗയുടെ തിരോധാനത്തിൽ വേണ്ടത് സർക്കാർ ചെയ്തിട്ടുണ്ടെന്നും അവരുടെ ബന്ധുക്കൾ തന്നെ കാണാൻ ശ്രമിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓഫിസിൽ വന്നിരുന്നു. അവിടെ വേണ്ടത് ചെയ്ത് കൊടുത്തിട്ടുണ്ട്. വിദേശവനിത ഇവിടെ മരണപ്പെട്ടത് ദൗർഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
