നഴ്സുമാരുടെ വേതന വർദ്ധനവ് നടപ്പാക്കാനാകില്ലെന്ന് മാനേജ്മെന്റുകൾ

കൊച്ചി : അന്തിമ വിജ്ഞാപന പ്രകാരമുള്ള നഴ്സുമാരുടെ പുതുക്കിയ ശന്പളം നൽകാനാകില്ലെന്ന് ആശുപത്രി മാനേജ്‍മെന്റുകൾ. വിജ്ഞാപനത്തിനെതിരെ കോടതിയെ സമീപിക്കുമെന്നും ഭീഷണിപ്പെടുത്തി നേടിയ വേതന വർദ്ധനവാണിതെന്നും കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ ആരോപിച്ചു. ശന്പള വർദ്‍ധനവിൽ മുൻകാല പ്രാബല്യം നൽകിയത് നിയമവിരുദ്ധമാണെന്നാണ് ആശുപത്രി മാനേജ്‍മെന്റുകളുടെ വാദം. പുതിയ വിജ്ഞാപനത്തിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് ആശുപത്രി മാനേജ്‍മെന്റുകളുടെ തീരുമാനം. ഇത് സംബന്ധിച്ച് മാനേജ്മെന്‍റ് പ്രതിനിധികൾ വ്യാഴാഴ്ച എറണാകുളത്ത് യോഗം ചേരും. പുതുക്കിയ മിനിമം വേതനം നൽകിയാൽ ആശുപത്രികൾ പൂട്ടേണ്ടിവരും ഇതല്ലെങ്കിൽ ചികിത്സാ നിരക്ക് വർദ്ധിപ്പിക്കുമെന്നും മാനേജ്മെന്‍റുകൾ അറിയിച്ചു.
മാനേജ്‌മെന്റുകൾ കോടതിയിൽ പോയാൽ നിയമപരമായി നേരിടുമെന്ന് മന്ത്രി ടി.പി രാമകൃഷ്ണൻ പറഞ്ഞു. വർദ്‍ധിപ്പിച്ച ശന്പളം നൽകാൻ തയ്യാറാകാത്ത ആശുപത്രികൾക്ക് മുന്നിൽ സമരം ചെയ്യുമെന്നും ശന്പള വർദ്‍ധനയുടെ പേരിൽ ആശുപത്രി മാനേജ്‍മെന്റുകൾ ചികിത്സാ നിരക്കുകൾ കൂട്ടുകയാണെന്നും യു.എൻ.എ ആരോപിച്ചു.