ഭിമ കൊറേഗാവ് അക്രമികൾക്കെതിരെ മൊഴി നൽകിയ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി

പൂനെ: ഭിമ കൊറേഗാവ് അക്രമികൾക്കെതിരെ മൊഴി നൽകിയ ദലിത് പെൺകുട്ടി പൂജ സാകതിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. 19 വയസ്സുകാരിയായ പൂജ സാകതിനെയാണ് വീടിന് സമീപത്തുള്ള കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച കാണാതായ പൂജയെ ഞായറാഴ്ച രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അക്രമികൾക്കെതിരെ മൊഴി നൽകിയതിനെ തുടർന്ന് പെൺകുട്ടിക്ക് നേരെ ഭീഷണിയുണ്ടായതായി കുടുംബം പറഞ്ഞു.
സംഭവത്തിൽ വിലാസ് ശ്രീധർ വേദ്പദക്, ഗണേഷ് വിലാസ് പതക് എന്നിവരെ അറസ്റ്റ് ചെയ്തു. ആത്മഹത്യാ പ്രേരണക്കുറ്റമാണ് ഇവരുടെ മേൽ ചുമത്തിയത്. ഭിമ കൊറേഗാവിലെ സംഘർഷത്തിനിടെ ജനുവരി ഒന്നിന് പൂജയുടെ വീടിന് അക്രമികൾ തീവെച്ചിരുന്നു. തുടർന്ന് പൂജ അക്രമികൾക്കെതിരെ പോലീസിന് മൊഴി നൽകി. മൊഴി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് അക്രമികൾ പൂജയെ ഭീഷണിപ്പെടുത്തുകയും സമ്മർദ്ദം ചെലുത്തുകയും ചെയ്തിരുന്നെന്ന് കുടുംബം പറഞ്ഞു. പെൺകുട്ടി ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യാ പ്രേരണയുണ്ടായിട്ടുണ്ടെന്ന് കണ്ടെത്തിയ പോലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തു.
ഭിമ കൊറേഗാവ് യുദ്ധത്തിന്‍റെ 200ാം വാർഷിക ആഘോഷത്തിനിടെ ദലിതർ നടത്തിയ റാലിക്ക് നേരെ ഹിന്ദുത്വ സംഘടനകൾ അക്രമം അഴിച്ചുവിടുകയായിരുന്നു. ഇതിനിടെയാണ് പൂജയുടെ വീട് തകർക്കപ്പെട്ടത്. ശനിയാഴ്ച കാണാതായ പൂജയെ ഞായറാഴ്ച രാവിലെയാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.