വീടിന്റെ ടെറസിൽ കഞ്ചാവ് ചെടി; യുവതിയെ അറസ്റ്റ് ചെയ്തു
കൊച്ചി: വീടിന്റെ ടെറസിൽ കഞ്ചാവ് ചെടികൾ വളർത്തിയ കേസിൽ യുവതി അറസ്റ്റിൽ. കലൂർ കതൃക്കടവ് വട്ടേക്കാട്ട് റോഡിൽ ജോസൺ വീട്ടിൽ മേരി ആൻ ക്ലമന്റിനെയാണ് സംഭവവുമായി ബന്ധപ്പെട്ട് (37) അറസ്റ്റ് ചെയ്തത്. നോർത്ത് സി.ഐ കെ.ജെ പീറ്റർ, എസ്.ഐ വിബിൻദാസ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ആറ് മാസം വളർച്ചയെത്തിയ ആറര അടി ഉയരമുള്ള ചെടികൾ പിടിച്ചെടുത്തത്. യുവതിക്കെതിരെ എൻ.ഡി.പി.എസ് 22 ബി പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
വീടിന്റെ മുകളിൽ കഞ്ചാവ് ചെടികൾ വളർത്തുന്നു എന്ന് പോലീസിന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ രണ്ട് ദിവസം നിരീക്ഷണം നടത്തിയതിനു ശേഷമാണ് ഇന്നലെ പരിശോധന നടത്തിയത്. ഇന്നലെ പോലീസ് പരിശോധനയ്ക്ക് എത്തിയപ്പോൾ മേരിയും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മേരി ടെറസിൽ കഞ്ചാവ് ചെടി വളർത്തിയതിനെപ്പറ്റി അമ്മയ്ക്ക് അറിവുണ്ടായിരുന്നില്ലെന്ന നിഗമനത്തിലാണ് പോലീസ്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

