അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകം : പട്ടിണിയുമായി ബന്ധമില്ലെന്ന് സർക്കാർ
കൊച്ചി : അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു മരിച്ച സംഭവത്തിന് ദാരിദ്ര്യവും പട്ടിണിയുമായി ബന്ധമില്ലെന്നും മത, രാഷ്ട്രീയ നിറമില്ലെന്നും സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ ബോധിപ്പിച്ചു. മധു സമൂഹത്തിന്റെ നിസ്സംഗ തയുടെയും അസഹിഷ്ണുതയുടെയും ഇരയാണെന്നും വ്യക്തമാക്കി.
മാനസികാസ്വാസ്ഥ്യം ഉള്ളതിനാൽ കുടുംബാംഗങ്ങൾ ഉപേക്ഷിച്ച നിലയിലായിരുന്ന മധു സ്വന്തം നിലയ്ക്കാണ് ജീവിച്ചത്. ആരും നോക്കാനുണ്ടായിരുന്നില്ല. മധുവിന്റെ അമ്മ മല്ലിയുടെ കുടുംബം സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളും കുടുംബാംഗങ്ങൾ ജോലിക്കാരുമാണ്. ന്യായമായ വരുമാനവും ജീവിക്കാൻ മാർഗവുമുണ്ട്. മധുവിന്റെ അമ്മയും സഹോദരിയും അങ്കണവാടി ജീവനക്കാരാണ്. ഒരു സഹോദരിയുടെ ഭർത്താവ് കൃഷിക്കാരനും മറ്റൊരു സഹോദരിയുടെ ഭർത്താവ് താലൂക്ക് ഓഫിസ് ജീവനക്കാരനുമാണ്.
മാസം 35 കിലോ അരി റേഷൻ വിഹിതമുണ്ട്. പട്ടികവർഗ വികസന വകുപ്പ് പദ്ധതിയുടെ ഗുണഭോക്താക്കളുമാണ്. പട്ടിക വർഗ വികസന വകുപ്പ് മധുവിന് ആരോഗ്യപരിരക്ഷ നൽകുന്നുണ്ടായിരുന്നു. 2012 മുതൽ 14 വരെ വിഷാദരോഗത്തിനു ചികിൽസിച്ചു. പി
ന്നീട് കോട്ടാത്തറ ട്രൈബൽ ആശുപത്രിയിലെ ചികിൽസ മധു മുടക്കി.
മധുവിന്റെ മരണത്തെക്കുറിച്ചു തൃശൂർ റേഞ്ച് ഐജിയുടെ നേതൃത്വത്തിലുള്ള ടീം അന്വേഷിച്ച് 16 പേരെ അറസ്റ്റ് ചെയ്തു. പ്രതികൾ റിമാൻഡിലാണ് സർക്കാർ വിശദീകരിച്ചു. ആൾക്കൂട്ടക്കൊലയുടെ പശ്ചാത്തലത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണു പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ ഡോ. പി. പുകഴേന്തിയുടെ വിശദീകരണം.

