സദാചാരഗുണ്ടായിസം: നാല് പേർ കൂടി അറസ്റ്റിൽ
കൽപറ്റ: പഴയ ബസ്സ്റ്റാൻഡിന് സമീപം രാത്രി ബസ് കാത്ത് നിന്ന അച്ഛനെയും പെൺമക്കളെയും അക്രമിച്ച സംഭ വത്തിൽ നാല്പേർ കൂടിഅറസ്റ്റിലായി. ഈ സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. ഓട്ടോഡ്രൈവർമാരായ കൽപറ്റ നെടുങ്ങോട് കല്ലിവളപ്പിൽ കെ.വി നിഷിൽ, കൽപറ്റ എമിലി മദീന ഹൗസിൽ റീഷാദ്, കൽപറ്റ ഗൂഡലായ് കുന്ന് അബ്ദുൾ റസാഖ്, കൽപറ്റ മൈത്രിനഗർ കൊടക്കനാൽ ഹൗസിൽ ഷിനോജ് സെബാസ്റ്റ്യൻ (37) എന്നിവരാണ് അറസ്റ്റിലായത്. ഇവർ ഇന്നലെ കൽപറ്റ പോലീസ് േസ്റ്റഷനിലെത്തി കീഴടങ്ങുകയായിരുന്നു.
ഫെബ്രുവരി 28−നാണ് കേസിനാസ്പദമായ സംഭവം. ബെംഗളൂരുവിലേക്ക് പോകാനായി കൽപറ്റ അനന്തവീര തിയേറ്ററിനുസമീപത്തെ ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ നിൽക്കുകയായിരുന്ന മുട്ടിൽ അന്പുകുത്തി പാറയിൽ സുരേഷ് ബാബുവിനും പെണ്‍മക്കൾക്കും നേരേയാണ് ചില ഓട്ടോറിക്ഷാ ഡ്രൈവർമാർ സദാചാരഗുണ്ടായിസം കാട്ടിയത്. ഡിഗ്രിക്കും ഏഴാംക്‌ളാസിലും പഠിക്കുന്ന പെൺമക്കളാണ് സുരേഷ് ബാബുവിനൊപ്പം ഉണ്ടായിരുന്നത്. ചോദ്യം ചെയ്തവരോട് മക്കളാണെന്ന് പറഞ്ഞപ്പോൾ സംഘം അതിന് തെളിവ് ആവശ്യപ്പെട്ടു. ചെറുപ്പക്കാരികളായ കുട്ടികളോടൊത്ത് എന്താടാ ഇവിടെ ഇരിക്കുന്നതെന്ന് ചോദിച്ചായിരുന്നു അക്രമികൾ എത്തിയത്.
മക്കളാണെന്ന് പറഞ്ഞിട്ടും സംഘം അക്രമം തുടർന്നു. ഇവർ സുരേഷ് ബാബുവിനെ തോളിൽ പിടിച്ചുതള്ളുകയും ചെയ്തു. അച്ഛനെ ആക്രമിക്കുന്നത് കണ്ട് മക്കൾ നിലവിളിച്ചിട്ടും അക്രമികൾ പിൻമാറാൻ തയ്യാറായിരുന്നില്ല. ബെംഗളൂരുവിൽ നിന്ന് തിരിച്ചെത്തിയ ശേഷമാണ് സുരേഷ് ബാബു പോലീസിൽ പരാതിനൽകിയത്. ജില്ലാ പോലീസ് മേധവിയുടെ പ്രത്യേക നിർദ്‍ദേശപ്രകാരമാണ് പോലീസ് കേസ് അന്വേഷണം ഊർജിതമാക്കി ദിവസങ്ങൾക്കകം പ്രതികളെ അറസ്റ്റ് ചെയ്തത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നും സദാചാര ഗുണ്ടായിസത്തിനെതിരേ വ്യാപകപ്രതിഷേധവും ഉയർന്നിരുന്നു.

