'കാലാവധി കഴിഞ്ഞ നിപ മരുന്ന് പ്രസ്താവന തെറ്റ്'; നിയമസഭയിൽ മാപ്പ് പറയണമെന്ന് കെ. മുരളീധരനോട് വീണാ ജോർജ്
ശാരിക
തിരുവനന്തപുരം: നിപ ബാധിതർക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയെന്ന ആരോഗ്യമന്ത്രി കെ. മുരളീധരന്റെ ആരോപണം പൂർണമായും തെറ്റാണെന്നും നിയമസഭയിൽ നടത്തിയ അടിസ്ഥാനരഹിതമായ പ്രസ്താവന തിരുത്തി മന്ത്രി മാപ്പ് പറയണമെന്നും മുൻ ആരോഗ്യമന്ത്രി വീണാ ജോർജ്. സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അവർ ഈ ആവശ്യം മുന്നോട്ടുവെച്ചത്. ഇത്രയും സെൻസിറ്റീവായ ഒരു വിഷയത്തിൽ കെ. മുരളീധരൻ എത്ര നിരുത്തരവാദപരമായ മറുപടിയാണ് നൽകിയതെന്നും അദ്ദേഹത്തിന് എങ്ങനെയാണ് ഇത്തരമൊരു നിലപാട് സ്വീകരിക്കാൻ കഴിയുന്നതെന്നും അമ്പരപ്പിക്കുന്നതാണെന്ന് വീണാ ജോർജ് പറഞ്ഞു.
നിപ രോഗികളുടെ ചികിത്സയുമായി ബന്ധപ്പെട്ട കൃത്യമായ എല്ലാ രേഖകളും നിലവിൽ സർക്കാരിന്റെ പക്കലുണ്ട്. എന്തെല്ലാം മരുന്നുകൾ നൽകി, എത്തരം ചികിത്സ നൽകി എന്നതിന്റെ പൂർണ വിവരങ്ങൾ ലഭ്യമാണ്. മരുന്നുകളിൽ കാലാവധി തീയതി കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ബഹ്റൈൻ അടക്കമുള്ള വിദേശരാജ്യങ്ങളിൽ നിന്നാണ് ഇത്തവണയും മരുന്ന് വാങ്ങിയത്. സാധാരണക്കാർക്ക് പോലും വായിച്ചു മനസ്സിലാക്കാൻ സാധിക്കുന്ന വിധത്തിൽ ഇതിൽ കാലാവധി രേഖപ്പെടുത്തിയിട്ടുമുണ്ട്. പൊടുന്നനെ സഭയുടെ ഫ്ലോറിൽ ഉയർന്നുവന്ന വിഷയമല്ല ഇത്. മാത്യു കുഴൽനാടൻ എം.എൽ.എയെക്കൊണ്ട് ചോദ്യം ഉന്നയിപ്പിച്ചതാണെന്നും മന്ത്രിക്കു കൃത്യമായ ഉത്തരം തയ്യാറാക്കാൻ ആവശ്യത്തിന് സമയമുണ്ടായിരുന്നുവെന്നും വീണ ആരോപിച്ചു.
അട്ടപ്പാടിയിലെ ശിശുമരണം ഉൾപ്പെടെ ആരോഗ്യവകുപ്പിൽ തുടർച്ചയായി ഉണ്ടാകുന്ന വീഴ്ചകൾ മറച്ചുവെക്കാനാണ് ആളുകളെ ഭയചകിതരാക്കുന്ന പ്രസ്താവനയുമായി ആരോഗ്യമന്ത്രി രംഗത്തെത്തിയത്. ഇത് അംഗീകരിക്കാൻ കഴിയില്ല. അഞ്ച് നിപ രോഗികൾക്കാണ് ഈ മരുന്ന് നൽകിയിട്ടുള്ളത്. അവരെല്ലാം ഇന്ന് ജീവനോടെയിരിക്കുന്നുമുണ്ട്. 70 ശതമാനത്തിന് മുകളിൽ മരണനിരക്കുള്ള നിപ രോഗത്തിൽ കേരളത്തിൽ മരണനിരക്ക് വലിയ തോതിൽ കുറയ്ക്കാൻ സാധിച്ചത് വിജയകരമായ ഇത്തരം ചികിത്സകൾ നൽകിയതുകൊണ്ടാണ്. കാലാവധി കഴിഞ്ഞ മരുന്ന് ഒരു രാജ്യത്തുനിന്ന് മറ്റൊരു രാജ്യത്തേക്ക് കൊണ്ടുപോകാൻ കഴിയില്ലെന്നും വീണ വ്യക്തമാക്കി.
അതേസമയം, നിയമസഭയിൽ ഉന്നയിച്ച ആരോപണങ്ങളിൽ പൂർണമായി ഉറച്ചുനിൽക്കുകയാണ് ആരോഗ്യമന്ത്രി കെ. മുരളീധരൻ. 2023 മുതൽ നിപ രോഗികൾക്ക് നൽകിയ മരുന്നുകൾ കാലാവധി കഴിഞ്ഞതാണെന്നും ഇക്കാലയളവിൽ ഉണ്ടായ നിപ മരണങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്നും മന്ത്രി സഭയിൽ ആവർത്തിച്ചു. ക്ലിനിക്കൽ ട്രയലിന്റെ ഭാഗമായാണോ ഈ മരുന്ന് നൽകിയതെന്ന് സംശയമുണ്ടെന്നും എന്നാൽ വിദഗ്ധ സമിതിയുടെ ഔദ്യോഗിക റിപ്പോർട്ട് ലഭിക്കാതെ മറ്റ് അഭിപ്രായങ്ങൾ പറയുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. എന്നാൽ 2023 മുതൽ കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ആറ് നിപ മരണങ്ങളിൽ ഒന്നുപോലും റെംഡെസിവിർ മരുന്ന് നൽകിയതുകൊണ്ടല്ലെന്ന് ആരോഗ്യ വിദഗ്ധർ ഇതിനോടകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
്ി്ി

