കൊച്ചിയുടെ ആദ്യ വനിതാ പോലീസ് കമ്മീഷണറായി ആർ. നിശാന്തിനി ചുമതലയേറ്റു


ശാരിക

കൊച്ചി: കൊച്ചി സിറ്റി പോലീസിന്റെ പുതിയ കമ്മീഷണറായി ആർ. നിശാന്തിനി ഐ.പി.എസ് ചുമതലയേറ്റു. കൊച്ചി സിറ്റി പോലീസിന്റെ ചരിത്രത്തിലെ ആദ്യത്തെ വനിതാ കമ്മീഷണറാണ് ഇവർ. കമ്മീഷണറായിരുന്ന കാളിരാജ് മഹേഷ് കുമാറിനെ സ്ഥാനത്തുനിന്ന് മാറ്റിയതിനെ തുടർന്നാണ് ആർ. നിശാന്തിനി ചുമതലയേറ്റത്.

ചേരാനെല്ലൂരിൽ അഡീഷണൽ ജില്ലാ ജഡ്ജിയുടെ മകനായ പതിനേഴുകാരൻ ഓടിച്ച കാറിടിച്ച് തട്ടുകട ഉടമ മരിച്ച കേസിൽ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചകളെ തുടർന്നാണ് കാളിരാജ് മഹേഷ് കുമാറിനെതിരെ നടപടിയുണ്ടായത്. ചേരാനല്ലൂർ അപകടവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പോലീസിന് വലിയ വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിരുന്നു. കേസ് കൈകാര്യം ചെയ്തതിലും തുടരന്വേഷണത്തിന്റെ മേൽനോട്ടത്തിലും കമ്മീഷണറുടെ ഭാഗത്തുനിന്ന് ഗുരുതരമായ അനാസ്ഥയുണ്ടായെന്ന് എ.ഡി.ജി.പി പി. വിജയൻ റിപ്പോർട്ട് നൽകിയിരുന്നു.

അന്വേഷണത്തിലെ വീഴ്ചകളുടെ അടിസ്ഥാനത്തിൽ ചേരാനല്ലൂർ സ്റ്റേഷനിലെ സി.ഐ ശ്യാംകുമാർ, എസ്.എച്ച്.ഒ വിശ്വജിത്ത്, ഗ്രേഡ് എ.എ.എസ്.ഐ മനോജ്, സീനിയർ സി.പി.ഒ അരുൺ ജോഷി എന്നിവരെ പോലീസ് നേരത്തെ തന്നെ സസ്പെൻഡ് ചെയ്തിരുന്നു.

അതേസമയം, ഈ കേസിൽ തന്റെ ഭാഗത്തുനിന്ന് യാതൊരുവിധ നിയമവിരുദ്ധമായ ഇടപെടലുകളും ഉണ്ടായിട്ടില്ലെന്ന് സ്ഥാനമൊഴിഞ്ഞ കാളിരാജ് മഹേഷ് കുമാർ മാധ്യമങ്ങളോട് വ്യക്തമാക്കി. കാറോടിച്ചിരുന്ന പതിനേഴുകാരന്റെ പിതാവായ അഡീഷണൽ സെഷൻസ് ജഡ്ജിയോ മറ്റാരെങ്കിലുമോ ഇതുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കായി തന്നെ ഫോണിൽ ബന്ധപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. തെറ്റായ പ്രചാരണങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് ഇതേക്കുറിച്ച് തുറന്നുപറയുന്നതെന്നും കാര്യം വ്യക്തമാക്കാൻ മറ്റ് വേദികളൊന്നും ലഭിക്കാത്തതുകൊണ്ടാണ് മാധ്യമങ്ങളോട് പ്രതികരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

article-image

xxbfb

You might also like

  • Lulu Exchange
  • Straight Forward

Most Viewed