വിജിലൻസ് ഡയറക്ടറായുള്ള ലോക്‌നാഥ് ബെഹ്റയുടെ നിയമനം ചട്ടങ്ങൾ ലംഘിച്ച്
തിരുവനന്തപുരം : പോലീസ് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്ക്ക് വിജിലൻസ് ഡയറക്ടറുടെ അധിക ചുമതല നൽകിയത് ചട്ടവിരുദ്ധമായി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി തേടാതെയാണ് ചുമതല നൽകിയതെന്ന് വിവരാവകാശ നിയമ പ്രകാരം വ്യക്തമാക്കുന്നു.
കേന്ദ്ര ചട്ടങ്ങൾ പ്രകാരം കേഡർ തസ്തികകളിൽ ആറ് മാസത്തിൽ കൂടുതൽ അധിക ചുമതല നൽകാൻ സാധിക്കില്ല. ആറ് മാസത്തിൽ കൂടുതലുള്ള നിയമനങ്ങൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെയും പേഴ്സണൽ മന്ത്രാലയത്തിന്‍റെയും അനുമതി ആവശ്യമാണ്. എന്നാൽ ബെഹ്റക്ക് വിജിലൻസ് ഡയറക്റ്ററുടെ നിയമനം നൽകുന്പോൾ കേരള സർക്കാർ കേന്ദ്രസർക്കാറിന്‍റെ അനുമതി വാങ്ങിയിട്ടില്ലെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്. ബെഹ്റയ്ക്ക് അധിക ചുമതല നൽകിയത് അറിഞ്ഞില്ലെന്നാണ് കേന്ദ്രസർക്കാർ മറുപടി നൽകുന്നത്. 2017 മാർച്ച് 31നാണ് ജേക്കബ് തോമസിനെ തൽസ്ഥാനത്തുനിന്ന് മാറ്റി വിജിലൻസ് ഡയറക്ടറായി ബെഹ്റയെ നിയമിച്ചത്.




