ചരിത്രം കുറിച്ച് മോദി പലസ്തീനിൽ : ഇന്ന് വൈകീട്ട് അബുദാബിയിൽ എത്തും
റാമല്ല : ചരിത്രം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പലസ്തീനിൽ. ഡൽഹിയിൽ നിന്ന് ജോർദാൻ തലസ്ഥാനമായ അമ്മനിലെത്തിയ മോദി അവിടെ നിന്ന് ഹെലികോപ്റ്റർ വഴിയാണ് റാമല്ലയിൽ എത്തിയത്. ഇന്ന് ഉച്ചയോടെ റാമല്ല വിമാനത്താവളത്തിലെത്തിയ മോദിക്ക് ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്. വിമാനത്താവളത്തിൽ നിന്നും പലസ്തീൻ നേതാവ് യാസർ അറാഫത്തിന്റെ ശവകൂടീരത്തിൽ പുഷ്പചക്രം സമർപ്പിച്ച മോദി അറാഫത്തിന്റെ സ്മാരക മ്യൂസിയവും സന്ദർശിച്ചു. ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി പലസ്തീൻ സന്ദർശിക്കുന്നത്. ഇത് ചരിത്രപരമായ സന്ദർശനമാണെന്നും ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്നും പലസ്തീനിലെത്തിയ മോദി ട്വീറ്റ് ചെയ്തു.
പലസ്തീൻ പ്രസിഡണ്ട് മഹമൂദ് അബ്ബാസുമായി മോദി നടത്തുന്ന കൂടിക്കാഴ്ചയിൽ പലസ്തീൻ ജനതക്കും വികസന പ്രവർത്തനങ്ങൾക്കുമുള്ള ഇന്ത്യയുെട പിന്തുണ അറിയിക്കും. കൂടിക്കാഴ്ചയ്ക്ക് ശേഷം വിദ്യാഭ്യാസം, ആരോഗ്യം, രാജ്യസുരക്ഷയടക്കം നിരവധി കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പുവെയ്ക്കും. വൈകീട്ട് ആറരയ്ക്ക് യു.എ.ഇ സന്ദർശനത്തിനായി അബുദാബിയിലെത്തുന്ന മോദിയെ കിരീടാവകാശി വിമാനത്താവളത്തിൽ സ്വീകരിക്കും.




