നടിയെ ആക്രമിച്ച കേസ് : കുറ്റപത്രം ചോർന്നത് അന്വേഷിക്കണമെന്ന് കോടതി
കൊച്ചി : നടിയെ ആക്രമിച്ച കേസിൽ അന്വേഷണ സംഘത്തിനെതിരെ എട്ടാം പ്രതിയായ നടൻ ദിലീപ് നൽകിയ ഹർജിയിൽ അനുകൂല വിധി. കുറ്റപത്രം കോടതി സ്വീകരിക്കുന്നതിനു മുന്പ് മാധ്യമങ്ങൾക്ക് ചോർന്ന സംഭവത്തിൽ അന്വേഷണം വേണമെന്ന് അങ്കമാലി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വിധിച്ചു.
കേസിൽ നവംബർ 21നാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം അങ്കമാലി മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിച്ചത്. സൂക്ഷ്മപരിശോധനയ്ക്ക് ശേഷം കോടതി അത് ഡിസംബറിൽ മാത്രമാണ് സ്വീകരിച്ചത്. എന്നാൽ, കുറ്റപത്രം സമർപ്പിച്ച് മണിക്കൂറുകൾക്കുള്ളിൽ അതിന്റെ പകർപ്പ് മാധ്യമങ്ങൾക്ക് ലഭിച്ചിരുന്നു. ഇത് അന്വേഷണ സംഘം ചോർത്തി നൽകിയതാണെന്നാണ് ദിലീപിന്റെ ആരോപണം. കുറ്റപത്രം പോലീസ് ആണ് മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്നും അതിൽ ഗൂഢാലോചനയുണ്ടെന്നും തന്നെ അപമാനിക്കുന്നതിന് വേണ്ടിയായിരുന്നു എന്നാണ് ദിലീപിന്റെ ആക്ഷേപം. കുറ്റക്കാരായ പോലീസുകാർക്ക് എതിരെ നടപടി വേണമെന്നും ദിലീപ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ദിലീപ് ഹരിശ്ചന്ദ്രനല്ലെന്നും ദിലീപ് ആണ് കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോർത്തിയതെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം.
അതേസമയം ആക്രമിച്ചതിന്റെ ദൃശ്യത്തിന്റെ പകർപ്പ് ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി ഈ മാസം 22ലേക്ക് മാറ്റി. നടിയെ ആക്രമിച്ച് മുഖ്യപ്രതി സുനിൽ കുമാർ പകർത്തിയ ദൃശ്യങ്ങളും രണ്ടാം ഘട്ട കുറ്റപത്രത്തൊടൊപ്പം പോലീസ് ഹാജരാക്കിയ തെളിവുകളുടെ പകർപ്പുകളും വേണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം. വിചാരണയ്ക്ക് മുന്നോടിയായി ഈ തെളിവുകൾ ലഭിക്കാൻ പ്രതിക്ക് അവകാശമുണ്ടെന്നാണ് ഹർജിയിൽ പറയുന്നത്. അതേസമയം ദിലീപിനെതിരെ നിലപാട് കടുപ്പിച്ച പോലീസ് നടിയുടെ ദൃശ്യങ്ങൾ ദിലീപിന് കൈമാറരുത് എന്ന് കോടതിയെ അറിയിച്ചു.

