കുരിശുമലയിൽ തീർഥാടനം അനുവദിച്ചില്ല : ബോണക്കാട് സംഘർഷം
നെയ്യാറ്റിൻകര : ബോണക്കാട് കുരിശുമലയിൽ തീർഥാടനം അനുവദിക്കാത്തതിനെ തുടർന്ന് വിശ്വാസികളും പോലീസും തമ്മിൽ ഏറ്റുമുട്ടൽ. വിതുരയിൽ വിശ്വാസികൾ റോഡ് ഉപരോധിച്ചു. പ്രതിഷേധത്തിൽ സംഘർഷമുണ്ടാകുകയും റോഡ് ഉപരോധിച്ച വിശ്വാസികൾക്കു നേരെ പോലീസ് ലാത്തി വീശുകയും ചെയ്തു. സംഘർഷത്തിൽ സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റിട്ടുണ്ട്.
ബോണക്കാട് കുരിശുമലയിൽ അറുപത് വർഷം മുന്പ് സ്ഥാപിച്ച കുരിശ് തകർത്തതാണ് നിലവിലെ പ്രശ്നങ്ങൾക്കു കാരണം. ഇതേ തുടർന്ന് ഇങ്ങോട്ടുള്ള സന്ദർശവും വിലക്കിയിരുന്നു. ബോണക്കാട് തീർത്ഥാടനത്തിന് എത്തിയവരും പോലീസും തമ്മിൽ ഇന്ന് രാവിലെ കാണിത്തടം ചെക് പോസ്റ്റിന് മുന്നിൽ സഘർഷമുണ്ടായിരുന്നു. വിശ്വാസികളുടെ തീർഥാടനം പോലീസ് തടഞ്ഞതിനെ തുടർന്നായിരുന്നു സംഘർഷം. തുടർന്ന് വിശ്വാസികൾ പ്രതിഷേധം ചെക്ക് പോസ്റ്റിന് മുന്നിൽ നിന്ന് വിതുരയിലേയ്ക്ക് മാറ്റുകയായിരുന്നു.
പ്രതിഷേധക്കാരുടെ ഉപരോധത്തെ തുടർന്ന് വിതുരയിൽ ദേശീയ പാതയിൽ ഏറെനേരെ ഗതാഗതം തടസ്സപ്പെട്ടു. പ്രതിഷേധക്കാർ കെഎസ്ആർടിസി ബസ്സുകൾക്ക് നേരെ കല്ലെറിഞ്ഞു. വിതുരയിൽ ഉപരോധം നടക്കുന്ന പ്രദേശത്ത് കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.

