എക്സൈസ് നികുതി : കോൾഡ് സ്റ്റോർ മേഖലയിൽ പ്രതിസന്ധി തുടരുന്നു
മനാമ : എക്സൈസ് നികുതി വർദ്ധിപ്പിച്ചതുമായി ബന്ധപ്പെട്ട് മാസങ്ങളായി രാജ്യത്ത് തുടരുന്ന സിഗരറ്റ് ക്ഷാമം ചെറുകിട കോൾഡ് സ്റ്റോർ മിനി മാർക്കറ്റ് മേഖലയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. കഴിഞ്ഞ നാലഞ്ച് മാസങ്ങളായി വളരെ ചെറിയ തോതിൽ മാത്രമേ സിഗരറ്റ് വിൽപ്പന ഉണ്ടായിരുന്നുള്ളൂ. സൗദി അറേബ്യയിൽ നിന്നും വരുന്നവരായിരുന്നു സിഗരറ്റിന്റെ പ്രധാന ഉപഭോക്താക്കൾ. കഴിഞ്ഞ രണ്ടാഴ്ചയോളമായി മിക്കയിടങ്ങളിലും സിഗരറ്റിന്റെ വിതരണം പൂർണ്ണമായി നിലച്ച അവസ്ഥയാണുള്ളത്.
പുതിയ നികുതി സംവിധാനം നിലവിൽ വന്നുവെങ്കിലും, അതിന്റെ കന്പ്യൂട്ടർ വൽക്കരണം പൂർത്തിയായി വിതരണം പൂർവ്വസ്ഥിതിയിലാകാൻ കുറച്ച് ദിവസം കൂടി എടുക്കുമെന്നാണ് പ്രമുഖ വിതരണ കന്പനിക്കാർ പറയുന്നത്. അതേസമയം കച്ചവടക്കാർ സിഗരറ്റ് പൂഴ്ത്തി വെച്ചിരിക്കുകയാണെന്ന് പറഞ്ഞ് ചില കടകളിൽ ഉപഭോക്താക്കളും നടത്തിപ്പുകാരും തമ്മിൽ കശപിശ പതിവായിട്ടുണ്ട്. സിഗരറ്റ് ഇല്ലാതായതിനാൽ മറ്റ് കച്ചവടങ്ങളും കുറഞ്ഞിട്ടുണ്ടെന്ന് വ്യാപാരികൾ പറയുന്നു.

