ഫോൺകെണിക്കേസിൽ മുൻമന്ത്രി എ.കെ ശശീന്ദ്രന് വീണ്ടും തിരിച്ചടി
കൊച്ചി : ഫോൺകെണിക്കേസിൽ മുൻമന്ത്രി എ.കെ ശശീന്ദ്രന് വീണ്ടും തിരിച്ചടി. കേസ് നടപടികൾ അവസാനിപ്പിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരിയായ മാധ്യമ പ്രവർത്തക ഹൈക്കോടതിൽ നൽകിയ ഹർജി പിൻവലിച്ചതോടെയാണ് മുൻമന്ത്രിക്ക് വീണ്ടും തിരിച്ചടി നേരിട്ടിരിക്കുന്നത്. ഇതോടെ മന്ത്രിസ്ഥാനത്തേക്കുളള ശശീന്ദ്രന്‍റെ രണ്ടാംവരവ് വൈകുമെന്നുറപ്പായി.
ഹൈക്കോടതിയിൽനിന്ന് തിരിച്ചടി നേരിടാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് പരാതിക്കാരി ഹർജി പിൻവലിച്ചതെന്ന് കരുതുന്നു. ഫോൺ കെണിക്കേസിൽ എ.കെ ശശീന്ദ്രനെതിരെ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിൽ തുടരുന്ന നടപടികൾ അവസാനിപ്പിക്കാൻ അനുവദിക്കണമെന്നായിരുന്നു ഹർജിക്കാരിയുടെ ആവശ്യം. തനിക്കു പരാതിയില്ലെന്നും കോടതിക്കുപുറത്ത് കാര്യങ്ങൾ ഒത്തുതീർപ്പായെന്നും അറിയിച്ചിരുന്നു. എന്നാൽ കേസ് ഒത്തുതീർപ്പാക്കാൻ അനുവദിക്കരുതെന്ന് ഹർജിയിൽ കക്ഷി ചേർന്നവർ ആവശ്യപ്പെട്ടു. മന്ത്രിയായിരിക്കെ ശശീന്ദ്രൻ ഹർജിക്കാരിയായ മാധ്യമപ്രവർത്തകയ്ക്ക് സർക്കാർ ജോലി വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ഇത് പദവി ദുർവിനിയോഗമാണെന്നും ഇവർ വാദിച്ചു. വാദിയും പ്രതിയും തമ്മിൽ കോടതിക്ക് പുറത്തുവെച്ച് കേസ് തീർപ്പാക്കിയാൽ വിചാരണയ്ക്ക് പ്രസ്ക്തിയില്ലെന്ന് സർക്കാരിനായി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനും അറിയിച്ചു.
ഹർജിയിൽ വാദം പൂർത്തായാക്കിയ ശേഷം ഹൈക്കോടതി വിധി പറയാൻ മാറ്റുന്നതിന് തൊട്ടുമുന്പാണ് ഹർജിക്കാരിയുടെ അഭിഭാഷകൻ പിൻമാറ്റ സൂചന അറിയിച്ചത്. ഇതോടെ തിരുവനന്തപുരം സെഷൻസ് കോടതിയിലെ നടപടികൾ തുടരും.
ഗതാഗത മന്ത്രിയായിരുന്ന കാലത്ത് എ.കെ ശശീന്ദ്രൻ ഫോണിൽ വിളിച്ച് അശ്ലീല സംഭാഷണം നടത്തിയതുമായി ബന്ധപ്പെട്ടതാണ് കേസ്. ഇത്തരത്തിലുള്ള കേസുകൾ കക്ഷികൾക്ക് ഒത്തുതീർപ്പാനാകില്ലെന്ന നിലപാടാണ് കേസിൽ കോടതി നേരത്തെ സ്വീകരിച്ചത്.

