അതിക്രമത്തിന് ഇരയായ നടിക്കെതിരെ പരാമർശങ്ങൾ നടത്തുന്നവർക്ക് സ്പീക്കറുടെ രൂക്ഷ വിമർശനം
തിരുവനന്തപുരം : കൊച്ചിയിൽ ക്രൂരമായ അതിക്രമത്തിന് ഇരയായ നടിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നവർക്ക് സ്പീക്കറുടെ രൂക്ഷ വിമർശനം. അർധരാത്രിയിൽ വിശ്വസിച്ചു കയറിയ വാഹനത്തിനുള്ളിൽ അതിക്രൂരമായ അനുഭവങ്ങളിലൂടെ കടന്നുപോയ ഒരു സഹോദരിയുടെ വേദനയെ ചവുട്ടിത്തേയ്ക്കുന്ന വിടുവായത്തം സകല അതിരുകളും കടന്നിരിക്കുകയാണെന്ന് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ സ്പീക്കർ ചൂണ്ടിക്കാട്ടി.
ഈ വിഷയത്തിൽ പി.സി. ജോർജ് എംഎൽഎ നടത്തുന്ന തുടർച്ചയായ വിവാദ പരാമർശങ്ങളുടെ പശ്ചാത്തലത്തിലാണ് സ്പീക്കറുടെ വിമർശനം. സാംസ്കാരിക കേരളത്തിന്റെ മുഖത്ത് കാർക്കിച്ചുതുപ്പലാണ് ഇത്തരക്കാർ ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നതെന്നും സ്പീക്കർ കുറിച്ചു. മുഖത്തു തുപ്പുന്നവരോട് എങ്ങനെ പ്രതികരിക്കണമെന്ന് ചില കീഴ്‌വഴക്കങ്ങളുണ്ട്. അത് ആരും മറക്കരുതെന്നും സമൂഹമാധ്യമത്തിൽ സ്പീക്കർ ഓർമിപ്പിച്ചു.
അതിക്രമത്തിനു വിധേയയായ നടിക്കെതിരെ പി.സി.ജോർജ് എംഎൽഎ നടത്തിയ പരാമർശങ്ങൾ പൊതുസമൂഹം വിലയിരുത്തുമെന്ന് സ്പീക്കർ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. പി.സി. ജോർജിനെതിരെ നടപടിയെടുക്കണമെന്ന ‘വിമെൻ ഇൻ സിനിമാ കലക്ടീവി’ന്റെ ആവശ്യത്തോട് പ്രതികരിക്കുമ്പോഴാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്. എംഎൽഎമാരെ സഭയ്ക്കുള്ളിൽ നിയന്ത്രിക്കാനേ സ്പീക്കർക്ക് അധികാരമുള്ളൂവെന്ന് ചൂണ്ടിക്കാട്ടിയ സ്പീക്കർ, പുറത്ത് അവരുടെ പെരുമാറ്റം എങ്ങനെ ആയിരിക്കണമെന്നു സ്പീക്കർക്കു നിർദേശിക്കാനാവില്ലെന്നും കുറിപ്പിലൂടെ വ്യക്തമാക്കി.
സ്പീക്കറുടെ കുറിപ്പിന്റെ പൂർണരൂപം:
രാജസദസ്സിൽ സ്വന്തം സഹോദരപത്നിയായ ദ്രൗപദിയെ വസ്ത്രാക്ഷേപം ചെയ്ത ദുശ്ശാസന ചേഷ്ടകൂടിയാണ് മഹാഭാരതയുദ്ധത്തിലേക്ക് നയിച്ച കാരണങ്ങളിലൊന്ന്. സർവ്വനാശമായിരുന്നു അതിന്റെ ഫലം. സഹസ്രാബ്ദങ്ങൾ കഴിഞ്ഞിട്ടും പുരോഗമനകേരളത്തിൽപ്പോലും ചില തനിയാവർത്തനങ്ങളുണ്ടാകുന്നത് ഖേദകരമാണ്.
അർദ്ധരാത്രിയിൽ വിശ്വസിച്ചു കയറിയ വാഹനത്തിനുള്ളിൽ അതിക്രൂരമായ അനുഭവങ്ങളിലൂടെ കടന്നുപോയ ഒരു സഹോദരിയുടെ വേദനയെ ചവുട്ടിത്തേയ്ക്കുന്ന വിടുവായത്തം സകല അതിരുകളും കടന്നിരിക്കുന്നു. "ഞാൻ ആത്മഹത്യ ചെയ്യണമായിരുന്നോ" എന്ന് നടിയെക്കൊണ്ട് ചോദിപ്പിക്കുന്നതുവരെയെത്തിയ ക്രൂരവിനോദം സാംസ്കാരികകേരളത്തിന്റെ മുഖത്തേക്കുള്ള കർക്കിച്ചുതുപ്പലാണ്.
മുഖത്തുതുപ്പുന്നവരോട് എങ്ങനെ പ്രതികരിക്കണമെന്നതിനും കീഴ്‌വഴക്കങ്ങളുണ്ടെന്ന് ആരും മറന്നുപോകരുത്. ഉന്നതമായ ധാർമ്മിക മൂല്യങ്ങൾകൊണ്ട് സമൂഹത്തെ നയിക്കാൻ ബാധ്യതപ്പെട്ട ജനപ്രതിനിധികളിൽനിന്നുപോലും ഇത്തരം പരാമർശങ്ങളുണ്ടാകുന്നതിൽ ലജ്ജിച്ചുതലതാഴ്ത്തുന്നു.

