പരീക്ഷ എഴുതിച്ചില്ലെങ്കിൽ സമരം ശക്തമാക്കും; കാലടി സർവകലാശാലയിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും നിരാഹാരത്തിലേക്ക്


ശാരിക

കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ സസ്‌പെന്‍ഷനിലായ 16 വിദ്യാര്‍ഥികളുടെയും സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്നു. വിദ്യാര്‍ഥികള്‍ക്കൊപ്പം സസ്‌പെന്‍ഡ് ചെയ്യപ്പെട്ടവരുടെ രക്ഷിതാക്കളും നാട്ടുകാരും സിപിഎമ്മും പ്രതിഷേധ സമരത്തില്‍ അണിനിരന്നു.

വിദ്യാര്‍ഥികള്‍ ഇന്നു മുതല്‍ ക്യാമ്പസിൽ നിരാഹാര സമരം ആരംഭിക്കും. കാമ്പസ് എസ്എഫ്‌ഐ യൂണിറ്റിന്റെ പ്രസിഡന്റും സെക്രട്ടറിയും ഗവേഷക വിദ്യാര്‍ഥിയും വൈകിട്ട് നാലിന് നിരാഹാര സമരം തുടങ്ങും. ഒരു ദിവസം മൂന്നു പേര്‍ വീതം നിരാഹാര സമരം നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സമരം ചെയ്തതിനെ തുടര്‍ന്ന് കഴിഞ്ഞ 60 ദിവസത്തിലധികമായി 16 വിദ്യാര്‍ഥികള്‍ സസ്‌പെന്‍ഷനില്‍ തുടരുകയാണ്.

നവംബര്‍ നാലിന് പരീക്ഷ ആരംഭിക്കാനിരിക്കെ ഒക്ടോബര്‍ 30-നാണ് വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി നല്‍കിയത്. എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് പി.എസ്. അര്‍ച്ചന, സെക്രട്ടറി ശ്യാംജിത്ത് ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ നല്‍കിയ ഹർജിയിലാണ് ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന്‍ ഇടക്കാല ഉത്തരവിട്ടത്. പരീക്ഷ രജിസ്റ്റര്‍ ചെയ്യേണ്ട വെബ്‌സൈറ്റ് തുറന്നു നല്‍കണമെന്നും പരീക്ഷാ ഫീസ് സ്വീകരിച്ച് വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്നുമായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.

എന്നാൽ കോടതി അനുവദിച്ച സമയം ഞായറാഴ്ച അവസാനിച്ചിട്ടും സൈറ്റ് തുറന്നു നല്‍കാത്തതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാനായില്ല. ഈ സാഹചര്യത്തില്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ക്കും രജിസ്ട്രാര്‍ക്കും എതിരെ കോടതിയലക്ഷ്യ നടപടികളുമായി ഹൈക്കോടതിയെ സമീപിക്കാനാണ് വിദ്യാര്‍ഥികളുടെ തീരുമാനം.

അതിനിടെ, പരീക്ഷ എഴുതാന്‍ അനുമതി നല്‍കിയ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ വൈസ് ചാന്‍സിലര്‍ ഡോ. സിസ തോമസ് ഡിവിഷന്‍ ബെഞ്ചിൽ അപ്പീല്‍ നല്‍കി. സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയെഴുതാൻ ആവശ്യമായ ഹാജരില്ലെന്നും, മതിയായ ഹാജറില്ലാത്തവരെ പരീക്ഷ എഴുതിക്കാന്‍ അനുവദിക്കില്ലെന്നുമാണ് വിസിയുടെ നിലപാട്. സർവകലാശാല നൽകിയ ഈ അപ്പീല്‍ ഇന്ന് ഡിവിഷൻ ബെഞ്ച് പരിഗണിക്കും.

article-image

dgdg

You might also like

  • Lulu Exchange
  • Straight Forward

Most Viewed