പിന്നിൽ നിന്ന് അമ്പെയ്യുന്ന സ്വഭാവം എനിക്കില്ല, എന്റെ രീതി നേർക്കുനേരെയാണ്,; ആരോപണങ്ങൾ നിഷേധിച്ച് കെ. മുരളീധരൻ


ഷീബ വിജയൻ


തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയ്ക്കുള്ളിലെ ഭിന്നതകൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്ന ആരോപണം നിഷേധിച്ച് മന്ത്രി കെ. മുരളീധരൻ. പിന്നിൽ നിന്ന് അമ്പെയ്യുന്ന ആളല്ല താനെന്നും, നേർക്കുനേർ നിന്ന് പ്രവർത്തിക്കാനാണ് താല്പര്യമെന്നും അദ്ദേഹം വ്യക്തമാക്കി. കേരള പബ്ലിക് സർവീസ് കമ്മീഷൻ അംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശനും ചില മന്ത്രിസഭാംഗങ്ങളും തമ്മിൽ രൂക്ഷമായ വാഗ്വാദമുണ്ടായെന്നും, ഇതിന്റെ വിവരങ്ങൾ മുരളീധരൻ ചോർത്തിയെന്നുമാണ് ആരോപണങ്ങൾ ഉയർന്നിരുന്നത്. ഇതിനോട് മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പിന്നിൽ നിന്ന് അമ്പെയ്യുന്ന സ്വഭാവം തനിക്കില്ലെന്നും, തന്റെ പ്രവർത്തനരീതി നേർക്കുനേരെയാണെന്നും, ഇത്തരം ഒളിയാക്രമണങ്ങൾക്ക് താൻ നിൽക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ ഇതിനെക്കുറിച്ച് ഒരു ചർച്ചയുടെയും ആവശ്യമില്ല. സർക്കാർ ചെയ്യുന്ന നിരവധി നല്ല കാര്യങ്ങൾ ഇത്തരം വിവാദങ്ങൾ കാരണം പിന്തള്ളപ്പെട്ടുപോകുകയാണ്. ഇത്തരം കാര്യങ്ങൾക്ക് പ്രാധാന്യം നൽകുന്നതിന് പകരം സർക്കാരിന്റെ പദ്ധതികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും സർക്കാർ ഒറ്റക്കെട്ടായി മുന്നോട്ട് പോകുന്നുവെന്ന് ഉറപ്പാക്കുകയുമാണ് വേണ്ടത്. അതാണ് തങ്ങൾ കൂട്ടായി എടുത്തിട്ടുള്ള തീരുമാനമെന്നും കെ. മുരളീധരൻ പറഞ്ഞു.

ജനാധിപത്യ പ്രസ്ഥാനങ്ങളിൽ അഭിപ്രായവ്യത്യാസങ്ങൾ സ്വാഭാവികമാണെന്നും അവ പരിഹരിക്കാവുന്നതേയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി. പിഎസ്‌സി അംഗങ്ങളുടെ പട്ടിക അന്തിമമാക്കുന്നതിൽ വലിയ കാലതാമസമുണ്ടായിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു. ഒരു പേരിനെക്കുറിച്ച് മുഖ്യമന്ത്രി ചെറിയൊരു സംശയം ഉന്നയിച്ചിരുന്നു. പിറ്റേന്ന് അദ്ദേഹം ഡൽഹിക്ക് പോകുന്നതിന് മുൻപ് അന്നുതന്നെ അത് പരിഹരിക്കുകയും ചെയ്തു. പട്ടിക ഗവർണർക്ക് അയച്ചിട്ടുണ്ട്. ഗവർണറുടെ ഉത്തരവ് വരുന്നതോടെ നാലോ അഞ്ചോ അംഗങ്ങളുടെ നിയമനം വിജ്ഞാപനം ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു. പാർട്ടി ക്വാട്ടയിൽ ഇത്രയധികം പിഎസ്‌സി അംഗത്വവും ഗവൺമെന്റ് പ്ലീഡർ പദവികളും മുൻപ് കോൺഗ്രസിന് ലഭിച്ചിട്ടില്ലെന്നും, എന്നാൽ നെഗറ്റീവ് കാര്യങ്ങൾ മാത്രമാണ് ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് പിന്തുണയോടെ വിജയിച്ച അമ്പലപ്പുഴയിലെ സ്വതന്ത്ര എംഎൽഎ ജി. സുധാകരൻ കോൺഗ്രസ് നേതാക്കളെ വിമർശിച്ചതിനെക്കുറിച്ചും മുരളീധരൻ പ്രതികരിച്ചു. സുധാകരൻ മുതിർന്ന രാഷ്ട്രീയ നേതാവാണെന്നും അദ്ദേഹത്തിന്റെ ഉപദേശങ്ങൾക്ക് വലിയ വില കൽപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

article-image

xzcxzxzxz

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed