വനിതാ കോച്ചുകളിലെ പുരുഷ പ്രവേശം: പിഴ തുക അഞ്ചിരട്ടിയാക്കി റെയിൽവേ


ഷീബ വിജയൻ


ട്രെയിനുകളിലെ ലേഡീസ് കോച്ചുകളിലും സ്ത്രീകൾക്കായി സംവരണം ചെയ്ത സീറ്റുകളിലും അനധികൃതമായി കയറുന്ന പുരുഷന്മാർക്കെതിരെ കർശന നടപടിയുമായി ഇന്ത്യൻ റെയിൽവേ. റെയിൽവേ നിയമത്തിലെ സെക്ഷൻ 162 ഭേദഗതി ചെയ്തുകൊണ്ട് സ്പോട്ട് ഫൈൻ തുക 500 രൂപയിൽ നിന്ന് 2,500 രൂപയായി ഉയർത്തി. വനിതാ യാത്രക്കാരുടെ സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജനവിശ്വാസ് നിയമത്തിലെ വ്യവസ്ഥകൾ പ്രകാരമാണ് പിഴത്തുക അഞ്ചിരട്ടിയാക്കിയത്. ജനറൽ കോച്ചുകളിലെ തിരക്ക് കാരണം ലേഡീസ് കോച്ചിൽ കയറുന്നവർക്കെതിരെയും ഇനി യാതൊരു തരം ഇളവുകളും നൽകില്ലെന്ന് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിനും (ആർ.പി.എഫ്) ടിക്കറ്റ് പരിശോധകർക്കും നിർദേശം നൽകിയിട്ടുണ്ട്.

പിഴ ഈടാക്കുന്നതിന് പുറമെ ഇവരെ ഉടൻ തന്നെ കോച്ചിൽ നിന്ന് പുറത്താക്കാനും ഉദ്യോഗസ്ഥർക്ക് അധികാരമുണ്ട്. സ്ഥലത്തു വെച്ച് പിഴ അടയ്ക്കാൻ തയ്യാറാകാത്തവരുടെ കേസ് റെയിൽവേ മജിസ്‌ട്രേറ്റ് കോടതിക്ക് കൈമാറും. കോടതി വഴി നടപടികളിലേക്ക് നീങ്ങിയാൽ 5,000 രൂപ വരെ ശിക്ഷ ചുമത്താം. അതേസമയം, 2019-ലെ ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ അവകാശ സംരക്ഷണ നിയമപ്രകാരം ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ടവരെ ഈ നിയന്ത്രണങ്ങളിൽ നിന്നും പിഴയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. സബർബൻ, ലോക്കൽ ട്രെയിനുകളിൽ പുരുഷന്മാർ കയറുന്നുവെന്ന നിരന്തര പരാതികൾ കണക്കിലെടുത്താണ് പരിശോധന ശക്തമാക്കിയത്. ഇതോടൊപ്പം മറ്റ് ചില റെയിൽവേ നിയമലംഘനങ്ങൾക്കുള്ള പിഴയും കൂട്ടിയിട്ടുണ്ട്. ടിക്കറ്റില്ലാത്ത യാത്രയ്ക്കുള്ള കുറഞ്ഞ പിഴ 250 രൂപയിൽ നിന്ന് 500 രൂപയായും (യാത്രാക്കൂലിക്ക് പുറമെ), സ്റ്റേഷൻ പരിസരങ്ങളിലെയും ട്രെയിനുകളിലെയും സൗകര്യങ്ങൾ ദുരുപയോഗം ചെയ്യുന്നതിനുള്ള പിഴ 150 രൂപയിൽ നിന്ന് 2,000 രൂപയായും ഉയർത്തി.

article-image

adsdasassaas

You might also like

  • Lulu Exchange
  • Straight Forward

Most Viewed