എസ്.ഐ.ആറിന്റെ നിയമസാധുത പരിശോധിച്ച് റിപ്പോർട്ട് നൽകാൻ മുൻ ജഡ്ജിമാരുടെ കമ്മീഷൻ
ഷീബ വിജയൻ
വോട്ടർപട്ടികയിലെ എസ്.ഐ.ആർ (SIR) നടപടികളുടെ ഭരണഘടനാപരമായ സാധുതയും നടപ്പാക്കൽ രീതിയും വോട്ടർമാരിൽ അതുണ്ടാക്കുന്ന ആഘാതവും വിശദമായി പഠിക്കുന്നതിന് മുൻ സുപ്രീം കോടതി-ഹൈകോടതി ജഡ്ജിമാരെയുൾപ്പെടുത്തി സ്വതന്ത്ര കമ്മീഷൻ രൂപീകരിച്ചു. ലോയേഴ്‌സ് അസോസിയേഷൻ ഫോർ കോൺസ്റ്റിറ്റ്യൂഷന്റെ നേതൃത്വത്തിലാണ് നടപടി. മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് മദൻ.ബി. ലോകൂർ അധ്യക്ഷനായ അഞ്ചംഗ കമ്മീഷനാണ് ഇതിനായി പ്രവർത്തിക്കുക. മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് എ.കെ. പട്‌നായിക്, മുൻ ജമ്മു കശ്മീർ ഹൈകോടതി ചീഫ് ജസ്റ്റിസ് ബദർ ദുറെസ് അഹമ്മദ്, മുൻ ഡൽഹി ഹൈകോടതി ജഡ്ജി ജസ്റ്റിസ് രേഖ ശർമ, മുൻ പട്‌ന ഹൈകോടതി ജഡ്ജി ജസ്റ്റിസ് അഞ്ജന പ്രകാശ് എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങൾ.
എസ്.ഐ.ആറുമായി ബന്ധപ്പെട്ട് പൊതുസമൂഹത്തിൽ ഉയർന്നുവന്ന ആശങ്കകളുടെ പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് അസോസിയേഷൻ വ്യക്തമാക്കി. അർഹരായ എല്ലാ പൗരന്മാരും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും, ഒഴിവാക്കപ്പെട്ടവരുടെ കാര്യത്തിൽ കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചിട്ടുണ്ടോ എന്നും കമ്മീഷൻ വിലയിരുത്തും. ഭരണഘടനാപരമായ സാധുത, നടപടിക്രമങ്ങളിലെ കൃത്യത, വോട്ടർമാർക്കുണ്ടാകുന്ന ആഘാതം എന്നിവയാണ് പ്രധാന അന്വേഷണ വിഷയങ്ങൾ. തെളിവെടുപ്പിന്റെ ഭാഗമായി രാജ്യവ്യാപകമായി പൊതുയോഗങ്ങളും ഹിയറിങ്ങുകളും നടത്തും. നേരിട്ട് ബാധിക്കപ്പെട്ട വ്യക്തികൾ, സിവിൽ സൊസൈറ്റി പ്രതിനിധികൾ, വിഷയവിദഗ്ധർ എന്നിവരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കും. ഇതിനായി റിസർച്ച് വിങ്, ലീഗൽ സപ്പോർട്ട് ടീം എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. മുതിർന്ന അഭിഭാഷകരായ കപിൽ സിബൽ, പ്രശാന്ത് ഭൂഷൺ, ചന്ദർ ഉദയ് സിങ്, പ്രശാന്തോ ചന്ദ്ര സെൻ, രാജു രാമചന്ദ്രൻ, റബേക്ക മാമ്മൻ ജോൺ, വാരിഷ ഫറാസത്ത്, വൃന്ദ ഗ്രോവർ തുടങ്ങിയ പ്രമുഖ നിയമജ്ഞർ കമ്മീഷന് നിയമസഹായം നൽകും.
അന്വേഷണ റിപ്പോർട്ടും കണ്ടെത്തലുകളും പൂർണമായും മുൻ ജഡ്ജിമാർ അടങ്ങുന്ന സ്വതന്ത്ര കമ്മീഷന്റെ ചുമതലയിലായിരിക്കും. 2026 ഡിസംബറോടെ അന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാനാണ് പദ്ധതി.
eqrdeqweqw

