ബത്തേരി പൊലീസ് സ്റ്റേഷനിൽ നിന്ന് തൊണ്ടിമുതൽ മോഷ്ടിച്ച സംഭവം: ഒളിവിലായിരുന്ന പൊലീസുകാരൻ പിടിയിൽ
ഷീബ വിജയൻ
കൊച്ചി: വയനാട്ടിലെ സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിലെ പ്രോപ്പർട്ടി റൂമിൽ സൂക്ഷിച്ചിരുന്ന ഏഴ് ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ മോഷ്ടിച്ച് കടത്തിയ സംഭവത്തിൽ ഒളിവിലായിരുന്ന പൊലീസുകാരൻ പിടിയിലായി. ബത്തേരി സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ (SCPO) ടി. സാബിത്തിനെ എറണാകുളം കളമശ്ശേരിയിൽ നിന്നാണ് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ഒരാഴ്ചയായി ഇയാൾ ഒളിവിലായിരുന്നു.
കഴിഞ്ഞ ജൂണിൽ പൊലീസ് പിടിച്ചെടുത്ത് സ്റ്റേഷനിലെ പ്രോപ്പർട്ടി റൂമിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് സാബിത്ത് കടത്തിയത്. സെപ്റ്റംബർ 10-ന് മുറി വൃത്തിയാക്കാനായി തുറന്നപ്പോഴാണ് തൊണ്ടിമുതൽ നഷ്ടപ്പെട്ട വിവരം പുറത്തറിയുന്നത്. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് മോഷണവിവരം വ്യക്തമായത്.
സ്റ്റേഷനിലെ റൈറ്ററുടെ മേശപ്പുറത്തിരുന്ന താക്കോലെടുത്ത് മുറി തുറന്ന സാബിത്ത്, ചാക്കുകെട്ടുകൾ സ്വന്തം വാഹനത്തിലേക്ക് മാറ്റുകയായിരുന്നു. ഇയാളുടെ കാർ കോഴിക്കോട് നിന്ന് നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു. തനിക്കെതിരെ അന്വേഷണം ആരംഭിച്ചതോടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് സെപ്റ്റംബർ 12 മുതൽ ഒളിവിൽ പോവുകയായിരുന്നു. ബത്തേരി ഡിവൈ.എസ്.പി. അബ്ദുൾ കരീം നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വയനാട് ജില്ലാ പൊലീസ് മേധാവി തപോഷ് ബസുമതാരി സാബിത്തിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു.
dssadadsdas

