മൂവാറ്റുപുഴ മാറാടിയിൽ വൻ മണ്ണിടിച്ചിൽ: കായനാട് നിവാസികൾ ഭീതിയിൽ
ഷീബ വിജയൻ
മൂവാറ്റുപുഴ: കനത്ത മഴയെ തുടർന്ന് മാറാടി പഞ്ചായത്തിലെ കായനാട് ശൂലം വെള്ളച്ചാട്ടത്തിന് സമീപം വൻ മണ്ണിടിച്ചിൽ. വ്യാഴാഴ്ച വൈകിട്ട് നാലോടെയാണ് ഉഗ്രശബ്ദത്തോടെ പ്രദേശത്ത് മണ്ണിടിഞ്ഞ് വീണത്. 14-ാം വാർഡിൽ കായനാടിലെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഉപേക്ഷിക്കപ്പെട്ട പാറമടയിലാണ് അപകടമുണ്ടായത്. കുന്നിൻ ചെരിവിലെ കളിമണ്ണും കൂറ്റൻ പാറക്കഷണങ്ങളും താഴെയുള്ള വെള്ളക്കെട്ടിലേക്ക് കുത്തിയൊലിച്ച് പതിക്കുകയായിരുന്നു.
മണ്ണിടിച്ചിൽ ഉണ്ടായ അപകടമേഖലയ്ക്ക് സമീപം മുപ്പതിലേറെ പാറമടകളാണ് നിലവിലുള്ളത്. ഇവയിലെയെല്ലാം പ്രവർത്തനം നിലച്ചിരിക്കുകയാണെങ്കിലും കനത്ത മഴയിൽ വൻതോതിൽ വെള്ളം നിറഞ്ഞ് കരകവിഞ്ഞ അവസ്ഥയിലാണ്. ഏതു നിമിഷവും പൊട്ടിത്തെറിക്കാവുന്ന 'ജലബോംബുകൾ' പോലെയാണ് പാറമടകൾ നിൽക്കുന്നതെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടി.
പാറമടകളുടെ സംരക്ഷണ ഭിത്തികൾ തകർന്നാൽ സമീപത്തെ ജനവാസ മേഖലയും കൃഷിയിടങ്ങളും പൂർണമായി വെള്ളത്തിനടിയിലാകും. പ്രദേശത്തെ ദുരന്ത സാദ്ധ്യത കണക്കിലെടുത്ത് അധികൃതർ ഉടൻ ഇടപെടണമെന്നാണ് കായനാട് നിവാസികളുടെ പ്രധാന ആവശ്യം. വില്ലേജ്, പഞ്ചായത്ത് അധികൃതരും ദുരന്തനിവാരണ സേനയും സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തണമെന്നും അപകടസാധ്യത ഒഴിവാക്കാൻ അടിയന്തര മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.
bvbbb nb

