മാമാങ്ക ചരിത്രം ആധികാരികമാക്കാൻ 'നിളാനാദം' പുസ്തകം വരുന്നു


ഷീബ വിജയൻ

തിരുനാവായയും മാമാങ്കവും സംബന്ധിച്ച ചരിത്ര വ്യാഖ്യാനങ്ങളെ ചുറ്റിപ്പറ്റി ചർച്ചകൾ തുടരുന്നതിനിടയിൽ, മാമാങ്കം മെമ്മോറിയൽ ട്രസ്റ്റ് 'നിളാനാദം' എന്ന പേരിൽ പുതിയ പുസ്തകം തയ്യാറാക്കുന്നു. ചരിത്രപരമായ രേഖകളും വാമൊഴി പരമ്പരകളും ശാസ്ത്രീയമായി സമാഹരിച്ച് മാമാങ്കത്തിന്റെ പഠനത്തിന് പുതിയൊരു ദിശ നൽകുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മാമാങ്കത്തെ ചിലർ മതവിശ്വാസങ്ങളുമായി ബന്ധിപ്പിച്ച് വ്യാഖ്യാനിക്കാൻ ശ്രമിക്കുന്നുണ്ടെന്നും, 'മഹാമാഘ മഹോത്സവം' പോലുള്ള പരിപാടികൾ ഇതിന്റെ ഭാഗമാണെന്നും ട്രസ്റ്റ് ആരോപിച്ചു. ഇത്തരം തെറ്റായ പ്രവണതകൾക്ക് മറുപടിയായാണ് യഥാർത്ഥ ചരിത്ര തെളിവുകൾ ഏകോപിപ്പിക്കുന്നത്. പ്രശസ്ത ചരിത്രകാരൻ സി. രാധാകൃഷ്ണൻ നിർദേശിച്ച പേരിട്ടാണ് പുസ്തകം പുറത്തിറക്കുന്നതെന്ന് മാമാങ്കം മെമ്മോറിയൽ ട്രസ്റ്റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ ചിറക്കൽ ഉമ്മർ വ്യക്തമാക്കി. മാമാങ്കത്തിന് ഇന്ന് ജീവിച്ചിരിക്കുന്ന നേരിട്ടുള്ള സാക്ഷികളില്ലാത്തതിനാൽ വ്യത്യസ്ത വ്യാഖ്യാനങ്ങൾ നിലനിൽക്കുന്നുണ്ട്, അതിനാൽ 'കണ്ടത്', 'കേട്ടത്' എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായി തിരിച്ചാണ് വിവരങ്ങൾ സമാഹരിക്കുന്നത്. ഡോ. എൻ.എം. നമ്പൂതിരി, കേശവൻ വേലുത്താട്ട്, പ്രൊഫ. എം.ജി.എസ്. നാരായണൻ എന്നിവരുടെ ആധികാരിക പഠനങ്ങൾ 'കണ്ടത്' എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തും. തലമുറകളായി പകർന്നു വന്ന വാമൊഴികളാണ് 'കേട്ടത്' വിഭാഗത്തിൽ വരിക. അതേസമയം, മാമാങ്കത്തെക്കുറിച്ച് വലിയ രീതിയിൽ തെറ്റായ ചരിത്രവ്യാഖ്യാനങ്ങൾ പ്രചരിക്കുന്നുണ്ടെന്ന് ട്രസ്റ്റ് അംഗം പ്രേംജി ആനിക്കോട്ടിക്കൽ ആരോപിച്ചു. മഹാമാഘ മഹോത്സവം പോലുള്ള പരിപാടികൾക്ക് ചരിത്രാടിസ്ഥാനമില്ലെന്നും, മാമാങ്കം അവസാനിച്ചതിൽ ടിപ്പു സുൽത്താന് ബന്ധമുണ്ടെന്ന തരത്തിലുള്ള പ്രചാരണങ്ങൾക്ക് തെളിവില്ലെന്നും അദ്ദേഹം പറഞ്ഞു. മാമാങ്കം അവസാനിച്ച സമയത്ത് ടിപ്പുവിന് ഏകദേശം അഞ്ചു വയസ്സ് മാത്രമായിരുന്നു പ്രായമെന്നും, അതിനാൽ ഇത്തരം അവകാശവാദങ്ങൾ ചരിത്രപരമായി നിലനിൽക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രേഖാപരമായ ചരിത്രസത്യങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കുകയാണ് പുസ്തകത്തിന്റെ പ്രധാന ലക്ഷ്യം.

article-image

dsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed