ഭാര്യയെ വധിക്കാൻ അഗതിമന്ദിരത്തിലെ 19 കാരന് ക്വട്ടേഷൻ നൽകിയ ഭർത്താവും സുഹൃത്തും പിടിയിൽ
ഷീബ വിജയൻ
കുടുംബവഴക്കിനെത്തുടർന്ന് സ്വന്തം ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ അഗതിമന്ദിരത്തിലെ പത്തൊമ്പതുകാരനായ അന്തേവാസിക്ക് ക്വട്ടേഷൻ നൽകിയ ഭർത്താവും സുഹൃത്തും തൃശ്ശൂർ ചേർപ്പിൽ പൊലീസ് പിടിയിലായി. ചേർപ്പ് തണ്ടാശ്ശേരി സ്വദേശി ഷിബു ജോർജ് (50), അഗതിമന്ദിരത്തിലെ താമസക്കാരനായ വിഷ്ണു (19) എന്നിവരെയാണ് ചേർപ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. വർഷങ്ങൾക്ക് മുൻപ് കെട്ടിടത്തിൽനിന്ന് വീണ് അരയ്ക്ക് താഴെ തളർന്ന നിലയിലായ ഷിബു, ഭാര്യയുമായുള്ള തർക്കങ്ങളെത്തുടർന്ന് അഗതിമന്ദിരത്തിലാണ് താമസിച്ചിരുന്നത്. മുൻപ് ഭാര്യ നൽകിയ സ്ത്രീപീഡന പരാതിയും തുടർച്ചയായ വഴക്കുകളുമാണ് കൊലപാതക ആസൂത്രണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. അഗതിമന്ദിരത്തിൽ തന്നെ പരിചരിച്ചിരുന്ന വിഷ്ണുവുമായി ഷിബു സൗഹൃദത്തിലാവുകയും ഭാര്യയെ വധിക്കാനുള്ള ക്വട്ടേഷൻ നൽകുകയുമായിരുന്നു. വടിവാളുമായി ഷിബുവിന്റെ വീട്ടുപറമ്പിൽ ഒളിഞ്ഞിരുന്ന വിഷ്ണുവിനെ സംശയാസ്പദമായ സാഹചര്യത്തിൽ നാട്ടുകാർ കണ്ടെത്തുകയും പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു. ചോദ്യംചെയ്യലിൽ കുറ്റം സമ്മതിച്ച ഇരുവർക്കുമെതിരെ വധശ്രമത്തിന് കേസെടുത്ത് റിമാൻഡ് ചെയ്തു.
dersdsdsasad

