മുഖ്യമന്ത്രി പ്രഖ്യാപനം ഉടൻ; ചർച്ചകൾ പൂർത്തിയായെന്ന് രമേശ് ചെന്നിത്തല
ശാരിക l കേരളം
തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ ഉടൻ പ്രഖ്യാപിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇതുമായി ബന്ധപ്പെട്ട എല്ലാ ചർച്ചകളും പൂർത്തിയായതായും തീരുമാനം ഹൈക്കമാൻഡ് ഉടൻ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി പ്രഖ്യാപനം വൈകിയിട്ടില്ലെന്നും തീരുമാനങ്ങൾ എടുക്കാൻ സമയമെടുക്കുന്നത് ജനാധിപത്യത്തിന്റെ ഭാഗമാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
കോൺഗ്രസ് ഹൈക്കമാൻഡ് കൈക്കൊള്ളുന്ന ഏതൊരു തീരുമാനത്തെയും കേരളത്തിലെ എല്ലാ പ്രവർത്തകരും ഒരുപോലെ അംഗീകരിക്കും. നേതാക്കൾക്ക് പറയാനുള്ള കാര്യങ്ങളെല്ലാം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഇനി ഘടകകക്ഷികളുമായോ അല്ലാതെയോ കൂടുതൽ ചർച്ചകളുടെ ആവശ്യമില്ലെന്നും തീരുമാനം മാത്രം വന്നാൽ മതിയെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള ചേരിതിരിഞ്ഞുള്ള പ്രതികരണങ്ങളിൽ നിന്ന് പ്രവർത്തകർ വിട്ടുനിൽക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. കഴിഞ്ഞ തവണ ഇടതുപക്ഷം സർക്കാർ രൂപീകരിക്കാൻ എടുത്ത അത്രയും സമയം തങ്ങൾ എടുക്കുന്നില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
അതേസമയം, മുഖ്യമന്ത്രിയെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടായേക്കുമെന്നാണ് സൂചന. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ഡൽഹിയിൽ തിരിച്ചെത്തിയ ശേഷം രാഹുൽ ഗാന്ധിയുമായും സോണിയ ഗാന്ധിയുമായും നടത്തുന്ന ചർച്ചകൾക്ക് ശേഷമാകും അന്തിമ തീരുമാനം. സംസ്ഥാന കോൺഗ്രസിനുള്ളിലെ തർക്കങ്ങൾ ശമിച്ച ശേഷം പ്രഖ്യാപനം മതിയെന്ന നിലപാടിലാണ് ഹൈക്കമാൻഡ്. നേതാക്കൾക്കിടയിലെ മത്സരബുദ്ധി അച്ചടക്ക ലംഘനത്തിലേക്ക് നീങ്ങുന്നുണ്ടോ എന്ന് കേന്ദ്ര നേതൃത്വം നിരീക്ഷിച്ചുവരികയാണ്.
.

