രഞ്ജിത്ത് ജയിലില്‍ തുടരും; കസ്റ്റഡി അപേക്ഷ ശനിയാഴ്ച കോടതി പരിഗണിക്കും
ഷീബ വിജയൻ I കേരളം
യുവനടിയെ ലൈംഗികമായി അതിക്രമിച്ചെന്ന കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിന്റെ ജാമ്യാപേക്ഷയും കസ്റ്റഡി അപേക്ഷയും ശനിയാഴ്ച പരിഗണിക്കാൻ കോടതി തീരുമാനിച്ചു. നിലവിൽ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യപ്പെട്ട രഞ്ജിത്ത് ജയിലിൽ തുടരും. വ്യാഴം, വെള്ളി ദിവസങ്ങളിൽ കോടതി അവധിയായതിനാലാണ് നടപടികൾ ശനിയാഴ്ചത്തേക്ക് മാറ്റിയത്.
സംഭവം നടന്ന കാരവൻ തിരിച്ചറിയുന്നതിനും തെളിവുകൾ ശേഖരിക്കുന്നതിനുമായി പ്രതിയെ കസ്റ്റഡിയിൽ വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. എന്നാൽ, തനിക്കെതിരെയുള്ള പരാതി വ്യാജമാണെന്നും ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നുമാണ് രഞ്ജിത്തിന്റെ വാദം. തനിക്ക് ശാരീരികമായി അവശതകളുണ്ടെന്നും അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
അതേസമയം, രഞ്ജിത്തിനെതിരെ ഗുരുതരമായ കുറ്റങ്ങളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ കുറ്റങ്ങൾ ഉൾപ്പെടുന്ന ഭാരതീയ ന്യായസംഹിതയിലെ 74, 75, 79 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രതി പുറത്തിറങ്ങിയാൽ സാക്ഷികളെ സ്വാധീനിക്കാനും കേസ് അട്ടിമറിക്കാനും സാധ്യതയുണ്ടെന്ന് പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കി.
fgdfg
