മനുഷ്യക്കടത്ത് കേസ്: രണ്ട് പേർക്ക് അഞ്ച് വർഷം തടവും പിഴയും; ഇരകളെ നാട്ടിലെത്തിക്കാൻ കോടതി ഉത്തരവ്
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ജോലി വാഗ്ദാനം നൽകി വിദേശികളെ ബഹ്‌റൈനിൽ എത്തിച്ച് തടങ്കലിലാക്കുകയും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് നിർബന്ധിക്കുകയും ചെയ്ത കേസിൽ രണ്ട് പ്രതികൾക്ക് ഹൈ ക്രിമിനൽ കോടതി അഞ്ച് വർഷം വീതം തടവ് ശിക്ഷ വിധിച്ചു. ശിക്ഷാ കാലാവധിക്ക് ശേഷം ഇവരെ രാജ്യത്തുനിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
തടവ് ശിക്ഷയ്ക്ക് പുറമെ പ്രതികൾ ഓരോരുത്തരും 2,000 ബഹ്‌റൈൻ ദിനാർ വീതം പിഴയടക്കണം. കൂടാതെ, ഈ കേസിലെ ഇരകളെ സുരക്ഷിതമായി അവരുടെ നാട്ടിലേക്ക് തിരിച്ചയക്കുന്നതിനുള്ള വിമാന ടിക്കറ്റ് ഉൾപ്പെടെയുള്ള മുഴുവൻ ചെലവുകളും പ്രതികൾ തന്നെ വഹിക്കണമെന്നും വിധിയിൽ വ്യക്തമാക്കുന്നു.
ബഹ്‌റൈനിൽ മാന്യമായ ജോലി നൽകാമെന്ന് വഞ്ചനാപരമായ വാഗ്ദാനം നൽകിയാണ് രണ്ട് പേരെ പ്രതികൾ രാജ്യത്തെത്തിച്ചത്. തുടർന്ന് ഇവരുടെ പാസ്‌പോർട്ടുകൾ പിടിച്ചെടുക്കുകയും ഒരു ഫ്ലാറ്റിൽ പൂട്ടിയിട്ട് ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയുമായിരുന്നു. ഇരകളെ നിർബന്ധപൂർവ്വം നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുത്തിയതായും അന്വേഷണത്തിൽ കണ്ടെത്തി.
ആന്റി ഹ്യൂമൻ ട്രാഫിക്കിംഗ് ഡയറക്ടറേറ്റ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പബ്ലിക് പ്രോസിക്യൂഷൻ കേസ് ഫയൽ ചെയ്തത്. നിലവിൽ ഇരകൾക്ക് നാഷണൽ കമ്മിറ്റി ടു കോംബാറ്റ് ട്രാഫിക്കിംഗ് ഇൻ പേഴ്സൺസിന്റെ (NCCTIP) കീഴിലുള്ള സംരക്ഷണ കേന്ദ്രത്തിൽ ആവശ്യമായ സഹായങ്ങൾ നൽകി വരികയാണ്. മനുഷ്യക്കടത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് രാജ്യം സ്വീകരിക്കുന്നതെന്ന് ഈ വിധി ഒരിക്കൽ കൂടി വ്യക്തമാക്കുന്നു.
assaas


