വിമാനത്താവളത്തിന് സമീപം പ്രാവുകളെ വളർത്തുന്നവർ ജാഗ്രതൈ; വിമാനങ്ങൾക്ക് ഭീഷണിയെന്ന് ബഹ്റൈൻ പോലീസിന്റെ മുന്നറിയിപ്പ്


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള പ്രദേശങ്ങളിൽ പ്രാവുകളെ വളർത്തുന്നതും പക്ഷികൾക്ക് തീറ്റ നൽകുന്നതും വിമാനയാത്രക്കാരുടെ ജീവന് വലിയ ഭീഷണിയാണെന്ന് ഹിദ്ദ് പോലീസ് സ്റ്റേഷൻ മേധാവി കേണൽ ഡോ. ഒസാമ ബഹാർ മുന്നറിയിപ്പ് നൽകി. ആഭ്യന്തര മന്ത്രാലയത്തിന്റെ ‘അൽ അമൻ’ റേഡിയോ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിമാനം പറന്നുയരുന്നതും ലാൻഡ് ചെയ്യുന്നതുമായ സമയങ്ങളിൽ പക്ഷികൾ വിമാനത്തിൽ ഇടിക്കുന്നത് (Bird Strike) വലിയ അപകടങ്ങൾക്ക് കാരണമാകും. ഏകദേശം ആയിരത്തോളം പ്രാവുകൾ വിമാനത്താവളത്തിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ ഉള്ളതായാണ് കണക്കാക്കുന്നത്. താഴ്ന്ന ഉയരത്തിൽ കൂട്ടമായി പറക്കുന്ന പ്രാവുകൾ വിമാനത്തിന്റെ എഞ്ചിനുള്ളിൽ അകപ്പെടുകയോ വിൻഡ്ഷീൽഡിൽ ഇടിക്കുകയോ ചെയ്താൽ അത് വൻ ദുരന്തത്തിന് വഴിവെക്കും.

"വിമാനത്താവളത്തിന് സമീപം പ്രാവുകളെ വളർത്തുന്ന വിനോദമുള്ളവർ അത് ഉപേക്ഷിക്കാൻ തയ്യാറാകണം. ഇത് ഒരു കളിയല്ല, മനുഷ്യജീവന്റെ കാര്യമാണ്," അദ്ദേഹം പറഞ്ഞു. 2009-ൽ ന്യൂയോർക്കിൽ പക്ഷികൾ ഇടിച്ചതിനെത്തുടർന്ന് വിമാനം അടിയന്തരമായി ഇറക്കേണ്ടി വന്ന സാഹചര്യം അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി.

ശവപ്പറമ്പുകൾ, കെട്ടിടങ്ങളുടെ മുകൾഭാഗം, ഒഴിഞ്ഞ പറമ്പുകൾ എന്നിവിടങ്ങളിൽ പക്ഷികൾക്ക് തീറ്റ നൽകുന്നത് അവ അവിടെ കൂട്ടമായി തങ്ങാൻ കാരണമാകും. ലോകമെമ്പാടുമുള്ള വിമാനക്കമ്പനികൾക്ക് പക്ഷിയിടി മൂലം വർഷം തോറും 1.5 ബില്യൺ ഡോളറിന്റെ നഷ്ടം സംഭവിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വിമാനത്താവള പരിസരത്തുള്ളവർ പക്ഷികൾക്ക് തീറ്റ നൽകുന്നത് ഒഴിവാക്കണമെന്നും സുരക്ഷിതമായ ആകാശം ഉറപ്പാക്കാൻ പൊതുജനങ്ങളുടെ സഹകരണം അത്യാവശ്യമാണെന്നും അധികൃതർ അറിയിച്ചു.

article-image

defswdscdfsa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed