നിലക്കലിൽ സ്പോട്ട് ബുക്കിങ്ങിനായി ഏഴ് കേന്ദ്രങ്ങൾ കൂടി; ശബരിമല ദർശനത്തിന് കർശന നിയന്ത്രണം
ഷീബ വിജയ൯
പമ്പ: ശബരിമലയിൽ അസാധാരണമാംവിധം തീർഥാടകത്തിരക്ക് തുടരുന്ന സാഹചര്യത്തിൽ, കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തിരുവിതാംകൂർ ദേവസ്വം ബോർഡും പൊലീസും തീരുമാനിച്ചു. പമ്പയിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി നിലക്കലിൽ ഏഴ് സ്പോട്ട് ബുക്കിങ് കേന്ദ്രങ്ങൾ കൂടി ഉടൻ ആരംഭിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ. ജയകുമാർ അറിയിച്ചു. ഇതോടെ സ്പോട്ട് ബുക്കിങ്ങിനായി തീർഥാടകർ ഇനി പമ്പയിലേക്ക് വരേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തിരക്ക് നിയന്ത്രിക്കുന്നതിനായി പൊലീസ് നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. വന്ന തീർഥാടകരെ തിരിച്ചയക്കാൻ സാധിക്കാത്തതുകൊണ്ടാണ് സ്പോട്ട് ബുക്കിങ് നൽകുന്നതെന്ന് എ.ഡി.ജി.പി. എസ്. ശ്രീജിത്ത് പറഞ്ഞു. നട തുറന്ന ദിവസം കഴിഞ്ഞ വർഷം 29,000 പേർ ദർശനത്തിനെത്തിയപ്പോൾ ഇത്തവണ അത് 55,000 ആയിരുന്നു. ആദ്യ രണ്ട് ദിവസത്തിനുള്ളിൽ ഒരു ലക്ഷത്തിലേറെ പേർ ദർശനത്തിനെത്തിയത് വലിയ പ്രതിസന്ധി സൃഷ്ടിച്ചു. സ്പോട്ട് ബുക്കിങ് ക്വാട്ട കഴിഞ്ഞാൽ അടുത്ത ദിവസമേ ദർശനം ലഭിക്കൂ എന്ന് ജനങ്ങൾ മനസ്സിലാക്കണം. അന്നന്നുതന്നെ ദർശനം വേണമെന്ന് നിർബന്ധം പിടിക്കരുതെന്നും വെർച്വൽ ക്യൂ പാസ് എടുത്തവർ മറ്റൊരു ദിവസം വരുന്നതും പ്രതിസന്ധിയുണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, സന്നിധാനത്ത് ദർശനം ലഭിക്കാതെ ബംഗളൂരു, സേലം എന്നിവിടങ്ങളിൽ നിന്നുള്ള തീർഥാടകർ മടങ്ങിപ്പോയി. ഇവർ പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിലെത്തി നെയ്യഭിഷേകം നടത്തി മാല ഊരി നാട്ടിലേക്ക് തിരിച്ചുപോവുകയായിരുന്നു.
സന്നിധാനത്തേക്കുള്ള കെ.എസ്.ആർ.ടി.സി ബസുകളിൽ കയറാൻ കഴിയാതെ തീർഥാടകർ തിക്കും തിരക്കും കൂട്ടുന്ന അവസ്ഥയുണ്ട്. മുൻ വർഷങ്ങളിൽ നിലവിലുണ്ടായിരുന്ന ബാരിക്കേഡ് ഉപയോഗിച്ചുള്ള നിയന്ത്രണ സംവിധാനം ഇത്തവണ നിലക്കലിൽ ഏർപ്പെടുത്താത്തതാണ് തിക്കിനും തിരക്കിനും പ്രധാന കാരണം. സുരക്ഷാ ക്രമീകരണങ്ങൾക്കായി നിയോഗിച്ചിട്ടുള്ള പൊലീസുകാരുടെ എണ്ണത്തിലും കുറവുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. കൂടാതെ, സന്നിധാനത്തും പമ്പയിലും തിരക്ക് നിയന്ത്രിക്കാൻ സാധാരണയായി ഉണ്ടാകാറുള്ള എൻ.ഡി.ആർ.എഫ്, ആർ.എ.എഫ് തുടങ്ങിയ കേന്ദ്ര സേനകളുടെ അഭാവവും സ്ഥിതി കൂടുതൽ വഷളാക്കുന്നുണ്ട്.
asasasa
