പി.എം ശ്രീ വിവാദം: സി.പി.ഐ മന്ത്രിമാരെ ഉൾപ്പെടുത്തി ഉപസമിതി രൂപവത്കരിക്കാൻ തീരുമാനം
ഷീബ വിജയൻ
തിരുവന്തപുരം I പി.എം ശ്രീ പദ്ധതിയിൽ മന്ത്രിതല ഉപസമിതി രൂപവത്കരിക്കാൻ തീരുമാനം. പദ്ധതിയിൽ ഒപ്പുവെച്ചതിൽ വിയോജിപ്പ് തുടരുന്ന സി.പി.ഐയുടെ മന്ത്രിമാരെ കൂടി ഉൾപ്പെടുത്തിയാകും സമിതി രൂപവത്കരിക്കുക. സമിതിയുടെ നിരീക്ഷണത്തിലായിരിക്കും പദ്ധതിയുമായി ബന്ധപ്പെട്ട തുടർ നടപടികൾ സ്വീകരിക്കുക. ബുധനാഴ്ച നടക്കാനിരിക്കുന്ന മന്ത്രിസഭാ യോഗം ബഹിഷ്കരിക്കാൻ സി.പി.ഐ തീരുമാനിച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അനുനയ നീക്കം ശക്തമാക്കാനാണ് സി.പി.എമ്മിന്‍റെ ശ്രമം. നവംബർ നാലിന് സി.പി.ഐ സംസ്ഥാന സമിതി യോഗം നടക്കാനിരിക്കെ അതിനുമുമ്പ് എൽ.ഡി.എഫ് യോഗം വിളിച്ച് പ്രശ്നപരിഹാരം കാണാനും സി.പി.എം ആലോചിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും തമ്മിൽ നടന്ന കൂടിക്കാഴ്ചയിലും പ്രശ്ന പരിഹാരത്തിന് വഴി തുറന്നില്ല. ഇതോടെ കെ. രാജൻ, പി. പ്രസാദ്, ജി.ആർ. അനിൽ, ജെ. ചിഞ്ചുറാണി എന്നിവർക്ക് മന്ത്രിസഭ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ പാർട്ടി നിർദേശം നൽകി. നവംബർ നാലിന് ചേരുന്ന സംസ്ഥാന കൗൺസിൽ വിഷയത്തിൽ തുടർനിലപാട് തീരുമാനിക്കും. മന്ത്രിസഭയെയും ഇടതുമുന്നണിയെയും വഞ്ചിക്കുന്നതാണ് പി.എം ശ്രീയുമായുള്ള സഹകരണമെന്നും ഒരുതരത്തിലുമുള്ള വിട്ടുവീഴ്ച പാടില്ലെന്നുമാണ് തിങ്കളാഴ്ച രാവിലെ ആലപ്പുഴയിൽ ചേർന്ന സി.പി.ഐ എക്സിക്യൂട്ടീവ് യോഗത്തിലുയർന്ന പൊതുവികാരം.
qwadsads
