പ്രധാന അധ്യാപകന് എന്താണ് ജോലി, സ്കൂളിലെ കാര്യങ്ങൾ നോക്കേണ്ടെ’; വിമർശിച്ച് മന്ത്രി ശിവൻകുട്ടി


ഷീബ വിജയൻ 

തിരുവനന്തപുരം I കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി റിപ്പോർട്ട് തേടി. സംഭവത്തെ കുറിച്ച് അന്വേഷിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകാൻ പൊതു വിദ്യാഭ്യാസ ഡയറക്ടർക്കാണ് നിർദേശം നൽകിയത്. കൊല്ലം ജില്ലയിലെ ഉന്നത വിദ്യാഭ്യാസ ഓഫിസർമാരോട് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താനും മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. ഉച്ചക്ക് ശേഷം അപകടം നടന്ന സ്കൂൾ സന്ദർശിക്കുമെന്നും മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. വിദ്യാർഥി ഷോക്കേറ്റ് മരിച്ചത് അതീവ ദുഃഖകരമെന്ന് മന്ത്രി വി. ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

വീട്ടിലെ കുട്ടി നഷ്ടപ്പെട്ട പോലെയാണ്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കും. കുടുംബത്തിന് എല്ലാ സഹായവും സർക്കാർ ചെയ്യും. ഹൈസ്കൂൾ പ്രധാന അധ്യാപകനും പ്രിൻസിപ്പലിനും എന്താണ് ജോലി‍?, സ്കൂളിലെ കാര്യങ്ങൾ അവർ ശ്രദ്ധിക്കേണ്ടതല്ലേ. കേരളത്തിലെ പതിനാലായിരത്തോളം വരുന്ന സ്കൂളുകൾ വിദ്യാഭ്യാസ ഡയറക്ടർക്ക് ശ്രദ്ധിക്കാൻ സാധിക്കില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. അധ്യാപന വർഷം ആരംഭിക്കുന്നതിന് മുമ്പ് തന്നെ പ്രത്യേക യോഗം ചേർന്ന് പ്രാഥമികമായി ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് സ്കൂൾ അധികൃതർക്ക് കുറിപ്പ് നൽകിയിരുന്നു. അതിലൊന്നാണ് വൈദ്യുതി ലൈൻ സ്കൂളിന് മുകളിലൂടെ പോകാൻ പാടില്ലെന്ന് നിർദേശം. സ്കൂൾ പ്രവർത്തിക്കാൻ വൈദ്യുതി വകുപ്പ്, തദ്ദേശ സ്ഥാപനം അടക്കമുള്ളവയുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വേണം. അപകടം നടന്ന സ്കൂളിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും. സ്കൂളിലെ പ്രധാന അധ്യാപകൻ അടക്കമുള്ളവർ എല്ലാ ദിവസവും വൈദ്യുതി ലൈൻ കാണുന്നതല്ലേ?. പിന്നെങ്ങനെ ആണ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കൊടുത്തത്. ഇക്കാര്യവും ഗൗരവത്തോടെ പരിശോധിക്കും. വിശദമായ അന്വേഷത്തിന് ശേഷം കൂടുതൽ പ്രതികരിക്കും. സംസ്ഥാനത്തെ മുഴുവൻ സ്കൂളിലും സമാനരീതിയിലുള്ള പ്രശ്നങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കാൻ നിർദേശം നൽകുമെന്നും മന്ത്രി ശിവൻകുട്ടി വ്യക്തമാക്കി.

അതിനിടെ സംഭവത്തിൽ സ്കൂൾ അധികൃതർക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ട് ബിജെപിയും യൂത്ത് കോൺഗ്രസും ആർഎസ്പിയും പ്രധാനാധ്യാപികയുടെ ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു. സിപിഎം നിയന്ത്രണത്തിലുള്ള മാനേജ്മെന്‍റ് മറുപടി പറയണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. അപകടത്തിൽ മാനേജ്മെന്‍റിന് അനാസ്ഥയുണ്ടെന്നും നിരന്തരം നാട്ടുകാർ പരാതിപ്പെട്ടിട്ടും അധികൃതർ കാര്യമാക്കിയില്ലെന്നും പ്രതിഷേധക്കാർ ആരോപിച്ചു. സ്കൂൾ ഗേറ്റ് തുറക്കാനെത്തിയ പ്രതിഷേധക്കാരെ പോലീസ് തടഞ്ഞു. പിന്നാലെ സ്കൂൾ വളപ്പിലേക്ക് പ്രതിഷേധം വ്യാപിച്ചു. സ്കൂളിന് പുറത്തും പ്രതിഷേധിക്കുന്നുണ്ട്. നാട്ടുകാരും പ്രതിഷേധത്തിൽ പങ്കുചേർന്നിട്ടുണ്ട്.

article-image

DFGFDFDSFDS

You might also like

  • Lulu Exchange
  • Straight Forward

Most Viewed