സ്മാര്‍ട്ട് റോഡ് ഉദ്ഘാടന വിവാദം; മന്ത്രിമാര്‍ തമ്മിലെ തര്‍ക്കമെന്ന വാര്‍ത്ത നിഷേധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്

ഷീബ വിജയൻ
തിരുവന്തപുരം: സ്മാര്‍ട്ട് റോഡ് ഉദ്ഘാടനത്തില്‍നിന്ന് മുഖ്യമന്ത്രി പിന്മാറിയത് തദ്ദേശ-പൊതുമരാമത്ത് മന്ത്രിമാര്‍ തമ്മിലെ തര്‍ക്കത്തെ തുടര്‍ന്നെന്ന വാര്‍ത്ത നിഷേധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണമാണ് പരിപാടിയില്‍നിന്ന് വിട്ടുനിന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. മേയ് 16ന് മുഖ്യമന്ത്രി ആരോഗ്യപരമായ കാരണങ്ങളാൽ ഉച്ചക്ക് ശേഷമുള്ള മൂന്ന് പരിപാടികൾ റദ്ദാക്കിയിരുന്നു. കാലവർഷ മുൻകരുതലുമായി ബന്ധപ്പെട്ട് വിളിച്ച പുനരവലോകന യോഗവും റോഡ് ഉദ്‌ഘാടനവും സ്റ്റുഡന്‍റ് പോലീസ് കേഡറ്റുകളുടെ പരിപാടിയുമാണ് ഇവ. ഇക്കാര്യം വിവിധ മാധ്യമങ്ങൾ അന്ന് റിപ്പോർട്ട് ചെയ്തതുമാണ്. എന്നാൽ ഇപ്പോൾ മറ്റ് പ്രചാരണങ്ങൾ നടത്തി സംസ്ഥാന സര്‍ക്കാരിന്‍റെ നാലാം വാര്‍ഷിക പരിപാടിയുടെ ശോഭ കെടുത്താനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
തിരുവനന്തപുരത്തെ സ്മാർട്ട് സിറ്റി റോഡുകളുടെ നിർമാണ അവകാശവുമായി ബന്ധപ്പെട്ട് മന്ത്രിമാർക്ക് ഇടയിൽ തർക്കമുണ്ടെന്ന് വാർത്തകൾ പുറത്തുവരുന്നു. കേന്ദ്ര സംസ്ഥാന ഫണ്ടുകൾക്ക് പുറമെ തദ്ദേശ വകുപ്പിന്‍റെ കൂടി 80 കോടിയോളം രൂപ ചെലവഴിച്ചാണ് സ്മാർട്ട് റോഡുകൾ തയാറാക്കിയത്. എന്നാൽ ഉദ്ഘാടന സമയത്ത് തദ്ദേശ വകുപ്പിനെ വെട്ടി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പൂർണമായി ക്രെഡിറ്റ് ഏറ്റെടുക്കാൻ നീക്കം നടത്തിയതോടെ എതിരഭിപ്രായമുയർന്നെന്നാണ് വിവരം. ഉദ്ഘാടനചടങ്ങിൽ മുഖ്യമന്ത്രിയുടെയും മന്ത്രി റിയാസിന്‍റെയും ഫ്ലക്സുകളും പത്രപരസ്യങ്ങളും നിറഞ്ഞിരുന്നു. പക്ഷേ, മുഖ്യമന്ത്രി ഉദ്ഘാടന ചടങ്ങിന് എത്തിയില്ല. മന്ത്രി റിയാസിനെതിരെ മുഖ്യമന്ത്രിയെ നേരിൽകണ്ട് എം.ബി.രാജേഷ് പരാതി അറിയിച്ചെന്നും ഇതേ തുടർന്നാണ് പിണറായി ചടങ്ങിൽനിന്ന് വിട്ടുനിന്നതുമെന്നാണ് പുറത്തുവന്ന വിവരം.
asadssasa