ട്രംപിന്റെ ജീവിതം പറയുന്ന സിനിമ വിവാദത്തിൽ

കാൻ ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ച ട്രംപിന്റെ ജീവിതം പറയുന്ന സിനിമ വിവാദത്തിൽ. ദ അപ്രന്റീസ് എന്ന സിനിമ കഴിഞ്ഞ ദിവസമാണ് കാനിൽ പ്രദർശിപ്പിച്ചത്. സെബാസ്റ്റ്യൻ സ്റ്റാൻ ഡോണാൾഡ് ട്രംപായി വേഷമിട്ട ചിത്രം മുൻ യു.എസ് പ്രസിഡന്റിന്റെ വ്യക്തി ജീവിതമാണ് കാണിക്കുന്നത്. ഇറാനിയൻ−ഡാനിഷ് സംവിധായകൻ അലി അബ്ബാസിയാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. സിനിമ പ്രദർശിപ്പിച്ചതിന് പിന്നാലെ വിവാദവും ഉടലെടുത്തിരിക്കുകയാണ്. ഡോണൾഡ് ട്രംപ് മുൻ ഭാര്യ ഇവാനയെ ബലാത്സംഗം ചെയ്യുന്നതായി സിനിമയിൽ ചിത്രീകരിച്ചിട്ടുണ്ട്. ഇതാണ് വിവാദങ്ങൾക്ക് കാരണം. സിനിമക്കെതിരെ കേസ് നൽകുമെന്നാണ് ഡോണൾഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗം അറിയിച്ചത് സിനിമ യു.എസിൽ റിലീസ് ചെയ്യാൻ അനുവദിക്കില്ലെന്നും അവർ വ്യക്തമാക്കി.
തെറ്റായ ആരോപണങ്ങളാണ് സിനിമയിൽ ഉയർത്തിയിരിക്കുന്നത്. ഏറെക്കാലമായി പറയുന്ന നുണകൾ ഉപയോഗിച്ച് നിർമിച്ച കെട്ടുകഥ മാത്രമാണ് സിനിമയെന്നും ട്രംപിന്റെ കാമ്പയിൻ വക്താവ് സ്റ്റീവൻ ചെയുങ് പറഞ്ഞു. ന്യൂയോർക്ക് പോസ്റ്റിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം. ട്രംപിനെ അപമാനിക്കാൻ ലക്ഷ്യമിടുന്നതാണ് സിനിമ. ഇത് ഒരിക്കലും വെളിച്ചം കാണരുത്. ഡി.വി.ഡികളുടെ കൂട്ടത്തിൽ പോലും സിനിമക്ക് സ്ഥാനമുണ്ടാകാൻ പാടില്ലെന്നും ട്രംപിന്റെ പ്രചാരണവിഭാഗം വക്താവ് അറിയിച്ചു.
അതേസമയം, സിനിമ കാണാനുള്ള ക്ഷമ ഡോണാൾഡ് ട്രംപിന്റെ ടീം കാണിക്കണമെന്ന് സംവിധായകൻ അലി അബ്ബാസി അഭ്യർഥിച്ചു. ഈ സിനിമ ഒരിക്കലും അദ്ദേഹത്തിന് ഇഷ്ടപ്പെടാതിരിക്കില്ലെന്നും അലി കൂട്ടിച്ചേർത്തു.
zfdzdz