ഹമാസിന്‍റെ ഡെപ്യൂട്ടി സൈനിക മേധാവി മാർവാൻ ഈസ കൊല്ലപ്പെട്ടതായി റിപ്പോർട്ട്


ഹമാസിന്‍റെ ഡെപ്യൂട്ടി സൈനിക മേധാവി മാർവാൻ ഈസ വധിക്കപ്പെട്ടു. അമേരിക്കയിൽ വൈറ്റ്ഹൗസ് വക്താവ് ജേക് സള്ളിവനാണ് ഇക്കാര്യം അറിയിച്ചത്. ഒക്‌ടോബർ ഏഴിനുശേഷം ഗാസയിൽ കൊല്ലപ്പെടുന്ന ഏറ്റവും ഉന്നത ഹമാസ് നേതാവാണ് ഈസ. ഹമാസിന്‍റെ സൈനിക വിഭാഗമായ ഇസെദിൻ അൽ ഖ്വാസം ബ്രിഗേഡിന്‍റെ ഡെപ്യൂട്ടി കമാൻഡറായിരുന്നു ഈസ. ഒക്‌ടോബർ ഏഴിലെ ഭീകരാക്രമണത്തിൽ ഈസയ്ക്കു നേരിട്ടു പങ്കുണ്ടെന്നാണു വിലയിരുത്തൽ. കഴിഞ്ഞയാഴ്ച സെൻട്രൽ ഗാസയിൽ നുസെയ്റത്ത് അഭയാർഥി ക്യാന്പിലെ തുരങ്കശൃംഖല ലക്ഷ്യമിട്ട വ്യോമാക്രമണത്തിലാണ് ഈസ കൊല്ലപ്പെട്ടതെന്ന് ഇസ്രേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുദ്ധമാരംഭിച്ചശേഷം ഹമാസിന്‍റെ ഒട്ടേറെ മുതിർന്ന കമാൻഡർമാരെ ഇസ്രേലി സേന വധിച്ചിട്ടുണ്ട്. ഹമാസിന്‍റെ രാഷ്‌ട്രീയവിഭാഗം നേതാവായിരുന്ന സലേ അൽ അരൂരി ലബനനിലെ സ്ഫോടനത്തിൽ കൊല്ലപ്പെട്ടതിനു പിന്നിലും ഇസ്രയേലാണ്. ഹമാസ് നേതൃത്വത്തെ വേട്ടയാടുന്ന ഇസ്രയേലിന് അമേരിക്കയുടെ സഹായം തുടരുമെന്നു വൈറ്റ്ഹൗസ് വക്താവ് സള്ളിവൻ വ്യക്തമാക്കി. ഹമാസിന്‍റെ മറ്റു നേതാക്കൾ തുരങ്കങ്ങളിൽ ഒളിച്ചിരിക്കുന്നുവെന്നാണ് കരുതുന്നത്. യുദ്ധത്തിൽ സാധാരണ ജനങ്ങൾ വ്യാപകമായി കൊല്ലപ്പെടുന്നതിലുള്ള ഉത്കണ്ഠ യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹുവിനെ ഫോൺസംഭാഷണത്തിനിടെ അറിയിച്ചതായും സള്ളിവൻ പറഞ്ഞു. 

ഹമാസിനെതിരായ യുദ്ധത്തിൽ ഇസ്രയേലിന് അമേരിക്ക പിന്തുണ തുടരും. പക്ഷേ, ലക്ഷങ്ങൾ അഭയം തേടിയിരിക്കുന്ന റാഫയിൽ ആക്രമണം നടത്താനുള്ള ഇസ്രേലി സേനയുടെ നീക്കം വലിയ അബദ്ധമാകുമെന്നും ബൈഡൻ ചൂണ്ടിക്കാട്ടി. ഹമാസിനെ ഉന്മൂലനം ചെയ്യലും ബന്ദികളെ മോചിപ്പിക്കലുമാണ് ഇസ്രയേലിന്‍റെ ലക്ഷ്യങ്ങളെന്നു നെതന്യാഹു വ്യക്തമാക്കി.  ഇതിനിടെ, വെടിനിർത്തൽ ചർച്ചകൾക്കായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ ഉടൻ പശ്ചിമേഷ്യ സന്ദർശിക്കും. യുദ്ധമാരംഭിച്ചശേഷമുള്ള അദ്ദേഹത്തിന്‍റെ ആറാമത്തെ പശ്ചിമേഷ്യാ പര്യടനമാണിത്. സൗദി, ഈജിപ്ഷ്യൻ നേതൃത്വവുമായി ബ്ലിങ്കൻ ചർച്ച നടത്തും. ഗാസയിലെ ഇരുപതു ലക്ഷത്തിനു മുകളിൽ വരുന്ന ജനം മുഴുവനും കടുത്ത ഭക്ഷ്യക്ഷാമം നേരിടുന്നതായി ഇന്നലെ ഫിലിപ്പീൻസ് സന്ദർശിച്ച ബ്ലിങ്കൻ പറഞ്ഞു. ഗാസയിൽ സഹായം എത്തിക്കുന്നതിന് ഇസ്രയേൽ മുൻഗണന നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യുദ്ധം അവസാനിപ്പിച്ച് സഹായം എത്തിച്ചില്ലെങ്കിൽ വടക്കൻ ഗാസ മേയിൽ ക്ഷാമത്തിന്‍റെ പിടിയിലാകുമെന്ന് യുഎൻ ഏജൻസികൾ നേരത്തേ മുന്നറിയിപ്പു നൽകിയിരുന്നു.

article-image

erydry

You might also like

  • Lulu Exchange
  • Straight Forward

Most Viewed