വെടിനിർ‍ത്തൽ‍ കരാർ‍ ചർ‍ച്ച പുനരാരംഭിക്കാനിരിക്കെ റഫ ആക്രമണത്തിൽ‍ നിന്ന് പിറകോട്ടില്ലെന്നാവർ‍ത്തിച്ച് ഇസ്രായേൽ‍


താൽ‍ക്കാലിക വെടിനിർ‍ത്തൽ‍ കരാർ‍ ചർ‍ച്ച ഇന്ന് ഖത്തറിൽ‍ പുനരാരംഭിക്കാനിരിക്കെ, റഫ ആക്രമണത്തിൽ‍ നിന്ന് പിറകോട്ടില്ലെന്നാവർ‍ത്തിച്ച്  ഇസ്രായേൽ‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. തനിക്കെതിരായ അമേരിക്കയുടെ കുറ്റപ്പെടുത്തൽ‍ അനുചിതമെന്നും നെതന്യാഹു പറഞ്ഞു.   അതേസമയം ഖത്തർ‍ തലസ്ഥാനമായ ദോഹയിൽ‍ വെടിനിർ‍ത്തൽ‍ കരാർ‍ ചർ‍ച്ച ഇന്ന് പുനരാരംഭിക്കാനിരിക്കെ, പ്രതീക്ഷയിലാണ് ലോകം. മൊസാദ് മേധാവിയുടെ നേതൃത്വത്തിൽ‍ ഇസ്രായേൽ‍ സംഘവും ചർ‍ച്ചയിൽ‍ പങ്കുവഹിക്കുമെന്നാണ് റിപ്പോർ‍ട്ട്. അതേ സമയം ഹമാസ് മുന്നോട്ടു വെച്ച ഉപാധികൾ‍ അപ്രായോഗികമാണെന്ന നിലപാടിൽ‍ ഉറച്ചു നിൽ‍ക്കുകയാണ് നെതന്യാഹു. കരാർ‍ നടപ്പാക്കുക സങ്കീർ‍ണമാണെങ്കിലും ബന്ദികളെ തിരിച്ചു കൊണ്ടുവരാന്‍ സാധ്യമായ എല്ലാ നടപടിയും സ്വീകരിക്കുമെന്നും നെതന്യാഹു പറഞ്ഞു. റഫക്കു നേരെയുള്ള സൈനിക നടപടി അനിവാര്യമാണെന്നും ആഴ്ചകൾ‍ നീണ്ടുനിൽ‍ക്കുന്ന ഓപറേഷനായിരിക്കും അതെന്നും നെതന്യാഹു വ്യക്തമാക്കി. 

ഒക്‌ടോബർ‍ ഏഴിന്റെ സംഭവം മറക്കരുതെന്നും ഇസ്രായേലിനു പകരം ഹമാസിനുമേലാണ് സമ്മർ‍ദം ചെലുത്തേണ്ടതെന്നും നെതന്യാഹു അമേരിക്കയെ ഓർ‍മിപ്പിച്ചു. തനിക്കെതിരെ യു.എസ് സെനറ്റ് നേതാവ് ചുക് ഷൂമർ‍ നടത്തിയ പ്രതികരണം തികച്ചും അനുചിതമാണെന്നും നെതന്യാഹു പ്രതികരിച്ചു. അതിനിടെ, സെന്‍ട്രൽ‍ ഗസ്സയിലെ നുസൈറാത് അഭയാർ‍ഥി ക്യാമ്പിൽ‍ ഇസ്രായേൽ‍ നടത്തിയ വ്യോമാക്രമണത്തിൽ‍ കൊല്ലപ്പെട്ടവരുടെ എണ്ണം 36 ആയി. പിന്നിട്ട 24 മണിക്കൂറിനിടെ 92 പേർ‍ കൊല്ലപ്പെടുകയും 130 പേർ‍ക്ക് പരിക്കേൽ‍ക്കുകയും ചെയ്തു. 31,645 പേരാണ് ഇതുവരെ ഗസ്സയിൽ‍ കൊല്ലപ്പെട്ടത്. വടക്കന്‍ ഗസ്സയിലേക്ക് ആഴ്ചകൾ‍ക്കു ശേഷം 13 ട്രക്കുകളിൽ‍ ഭക്ഷ്യവസ്തുക്കൾ‍ എത്തിയെങ്കിലും പട്ടിണിയിലായ മനുഷ്യർ‍ക്ക് അതൊട്ടും പര്യാപ്തമായില്ല. നീണ്ടനേരം കാത്തുനിന്നിട്ടും ഒന്നും ലഭിക്കാതെ നിരാശരായി മടങ്ങുകയായിരുന്നു ആയിരങ്ങൾ‍. 

വ്യോമ മാർ‍ഗവും കടൽ‍ മാർ‍ഗവും ഭക്ഷണ വിതരണം നടത്താനുള്ള പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് അമേരിക്ക അറിയിച്ചു. ഇസ്രായേൽ‍ സർ‍ക്കാറിൽ‍ പ്രതിസന്ധി കൂടുതൽ‍ രൂക്ഷമായി. നെതന്യാഹുവിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് യായിർ‍ ലാപിഡ് ഉൾ‍പ്പെടെയുള്ളവരും ശക്തമായി രംഗത്തുണ്ട്. ഉടന്‍ തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം നെതന്യാഹു തള്ളിയിരിക്കെ, പ്രക്ഷോഭം കൂടുതൽ‍ ശക്തമാക്കാനാണ് എതിരാളികളുടെ തീരുമാനം.  ബന്ദികളുടെ മോചനം അജണ്ടയിൽ‍ പ്രധാനമാണെന്ന ഇസ്രായേൽ‍ സർ‍ക്കാർ‍ വാദം തള്ളി പ്രക്ഷോഭം തുടരാനുറച്ചിരിക്കയാണ് ബന്ധുക്കൾ‍.

article-image

ddfgdfg

You might also like

Most Viewed