രാജിക്കു വഴങ്ങി ഹെയ്തി പ്രധാനമന്ത്രി

അക്രമവും അരാജകത്വവും നടമാടുന്ന ഹെയ്തിയിലെ പ്രധാനമന്ത്രി ഏരിയൽ ഹെൻറി രാജിക്കു സമ്മതിച്ചു. കരീബിയൻ രാജ്യങ്ങളുടെ നേതൃയോഗത്തിനു പിന്നാലെയാണ് അദ്ദേഹം രാജിക്കു വഴങ്ങിയത്. ഗുണ്ടാസംഘങ്ങളുടെ എതിർപ്പിനെത്തുടർന്ന് ഹെയ്തിയിൽ കാലുകുത്താൻ പറ്റാതിരുന്ന ഹെൻറി ഇപ്പോൾ അയൽരാജ്യമായ പ്യൂർട്ടോ റികോയിലാണുള്ളത്. 2021 ജൂലൈയിൽ പ്രസിഡന്‍റ് ജൊവനൽ മോയിസ് വധിക്കപ്പെട്ടതിനു പിന്നാലെ ഹെൻറി താത്കാലിക പ്രധാനമന്ത്രിയായി അധികാരമേൽക്കുകയായിരുന്നു. എന്നാൽ ഗുണ്ടാസംഘങ്ങളുടെ പിടിയിലായ ഹെയ്തിയിൽ തെരഞ്ഞെടുപ്പു നടത്താൻ അദ്ദേഹം തയാറായില്ല. രണ്ടാഴ്ച മുന്പ് പ്രധാനമന്ത്രി കെനിയയ്ക്കു പോയപ്പോൾ ഗുണ്ടാസംഘങ്ങൾ പോലീസ് സ്റ്റേഷനുകളും ജയിലുകളും ആക്രമിച്ച് നാലായിരം തടവുകാരെ മോചിപ്പിച്ചു. സർക്കാർ ഓഫീസുകളിൽ പലതും പിടിച്ചെടുത്തു. ഹെൻറി രാജിവയ്ക്കണമെന്ന് ഗുണ്ടകൾ ഭീഷണി മുഴക്കി. ഹെൻറി തുടരുന്നത് ഹെയ്തിക്ക് ആപത്താണെന്നു ബോധ്യപ്പെട്ടാണ് കരീബിയൻ നേതാക്കൾ രാജിക്കു സമ്മർദം ചെലുത്തിയത്. ഹെൻറിയെ പിന്തുണച്ചിരുന്ന യുഎസും ഹെയ്തിയിലെ അക്രമങ്ങളുടെ പശ്ചാത്തലത്തിൽ മനസു മാറ്റി. അധികാരകൈമാറ്റ സമിതി രൂപീകൃതമായാലുടൻ രാജിവയ്ക്കുമെന്നാണ് ഹെൻറി അറിയിച്ചിരിക്കുന്നത്.
അടുത്ത ഇടക്കാല പ്രധാനമന്ത്രിയെ നിയമിക്കുക എന്നതാണ് സമിതിയുടെ ചുമതല. 2016നുശേഷം ഹെയ്തിയിൽ തെരഞ്ഞെടുപ്പു നടത്താനുള്ള വഴിയൊരുക്കലും സമിതിയുടെ ഉത്തരവാദിത്വമാണ്. ഇതിനിടെ, ഗുണ്ടാസംഘങ്ങളും സമിതിയുടെ ഭാഗമാകാൻ ശ്രമിച്ചേക്കുമെന്ന് റിപ്പോർട്ടുണ്ട്. ഗുണ്ടകളെ നേരിടാൻ യുഎന്നിന്‍റെ പിന്തുണയോടെ അന്താരാഷ്‌ട്ര സേനയെ വിന്യസിക്കാനുള്ള നീക്കം നടക്കുന്നുണ്ട്. കെനിയ നേതൃത്വം നൽകുന്ന സേനയിൽ ആയിരം അംഗങ്ങളുണ്ടാകും.
asdfsdf