എയർ ഇന്ത്യ വിമാനങ്ങൾക്ക് നേരെ ഖലിസ്താൻ നേതാവ് നടത്തിയ ഭീഷണി നിസ്സാരമായി കാണില്ലെന്ന് കാനഡ

എയർ ഇന്ത്യ വിമാനങ്ങൾക്ക് നേരെ ഖലിസ്താന്‍ നേതാവും നിരോധിത സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് തലവനുമായ ഗുർപത്‌വന്ദ് സിങ് പന്നൂന്‍ നടത്തിയ ഭീഷണി നിസ്സാരമായി കാണില്ലെന്ന് കാനഡ. പന്നൂനിന്റെ ഭീഷണി അതീവ ഗൗരവത്തോടെയാണ് കാണുന്നതും എയർ ഇന്ത്യ വിമാനങ്ങളുടെ സുരക്ഷ വർധിപ്പിച്ചതായും കാനഡ ഇന്ത്യയെ അറിയിച്ചു. നവംബർ 19 മുതൽ എയർ ഇന്ത്യയിൽ യാത്ര ചെയ്യരുതെന്നും നിങ്ങളുടെ ജീവന് ഭീഷണിയുണ്ടാകുമെന്നുമായിരുന്നു ഖലിസ്ഥാൻ നേതാവിന്റെ സന്ദേശം. ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം നവംബർ 19 ന് അടഞ്ഞുകിടക്കുമെന്നും ഭീഷണിയുണ്ട്. വിമാനത്താവളത്തിന് ഖലിസ്ഥാന്‍ വിഘടനവാദി നേതാക്കളായ ബിയന്ത് സിങ്ങിന്റെയും സത്വന്ദ് സിങ്ങിന്റെയും പേരിടുമെന്നും സിഖ് വിഭാഗം നേരിടുന്ന അടിച്ചമർത്തലുകൾക്ക് അന്നേ ദിവസം മറുപടി നൽകുമെന്നും ഭീഷണി മുഴക്കിയിട്ടുണ്ട്.
ഹമാസ് നടത്തിയതുപോലെ ഇന്ത്യയിൽ ആക്രമണം നടത്തുമെന്നും അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയം ആക്രമിക്കുമെന്നും നേരത്തെ ഗുർപത്‌വന്ദ് സിങ് ഭീഷണി മുഴക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ പന്നൂനെതിരെ ഗുജറാത്ത് പൊലീസ് കേസെടുത്തിരുന്നു.വിമാനങ്ങൾക്ക് നേരെയുയർന്ന ഭീഷണി ഗുരുതരമായി കാണുന്നുവെന്നും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ഭീഷണി സന്ദേശത്തെ കുറിച്ച് അന്വേഷണത്തിനുത്തരവിട്ടതായും കാനഡ വ്യക്തമാക്കി. പന്നൂനിന്റെ ഭീഷണിക്ക് പിന്നിൽ അക്രമ ലക്ഷ്യങ്ങളുണ്ടെന്നും ശിക്ഷാർഹമായ കുറ്റമാണെന്നും ഇന്ത്യന്‍ ഹൈക്കമ്മീഷണർ സഞ്ജയ് കുമാർ വർമ വ്യക്തമാക്കി. കാനഡയിൽ ഏകദേശം 770,000 സിഖുകാർ താമസിക്കുന്നുണ്ട്. മൊത്തം ജനസംഖ്യയുടെ രണ്ട് ശതമാനം വരുമിത്.
asdas