യുദ്ധം അവസാനിച്ചു കഴിഞ്ഞാൽ ഗാസയുടെ സന്പൂർണ സുരക്ഷാ ചുമതല അനിശ്ചിതകാലത്തയേക്ക് ഇസ്രയേലിനായിരിക്കുമെന്ന് ബഞ്ചമിൻ നെതന്യാഹു


യുദ്ധം അവസാനിച്ചു കഴിഞ്ഞാൽ ഗാസയുടെ സന്പൂർണ സുരക്ഷാ ചുമതല അനിശ്ചിതകാലത്തയേക്ക് ഇസ്രയേലിനായിരിക്കുമെന്ന് പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു. ഹമാസിനെ ഉന്മൂലനം ചെയ്തുകഴിഞ്ഞാൽ ഗാസയുടെ ഭാവി എന്തെന്ന ചോദ്യം ഉയരുന്നതിനിടെയാണ് നെതന്യാഹു ഇക്കാര്യം വ്യക്തമാക്കിയത്. “ഹമാസിന്‍റെ രീതികൾ പിന്തുടരാത്തവർ ആയിരിക്കണം ഇനി ഗാസ ഭരിക്കേണ്ടത്. അനിശ്ചിതകാലത്തേക്ക് ഗാസയുടെ സുരക്ഷാച്ചുമതല ഇസ്രയേലിനായിരിക്കും എന്നാണ് എനിക്കു തോന്നുന്നത്. ഇസ്രയേലിനു സുരക്ഷാച്ചുമതല ഇല്ലാതിരുന്നതു മൂലം എന്താണു നടന്നതെന്നു നമ്മൾ കണ്ടുകഴിഞ്ഞു. ഇസ്രയേലിനു സുരക്ഷാച്ചുമതല ഇല്ലെങ്കിൽ സങ്കല്പിക്കാൻ കഴിയാത്തവിധമുള്ള ഹമാസ് ഭീകരതയായിരിക്കും ഫലം.” −എബിസി ന്യൂസിനു നല്കിയ അഭിമുഖത്തിൽ നെതന്യാഹു പറഞ്ഞു. 

ഹമാസിന്‍റെ കസ്റ്റഡിയിലുള്ള ബന്ദികളെ മോചിപ്പിക്കാത്തിടത്തോളം വെടിനിർത്തൽ സാധ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഗാസയുടെ ഭാവി സംബന്ധിച്ച ഇസ്രായേലിന്‍റെ പദ്ധതിയാണു നെതന്യാഹു വെളിപ്പെടുത്തിയതെന്നു വിലയിരുത്തപ്പെടുന്നു. മുനിസിപ്പൽ ചുമതലകൾ ഒഴിവാക്കിയുള്ള അധിനിവേശമാകാം അദ്ദേഹം ഉദ്ദേശിച്ചത്. പലസ്തീന്‍റെ ഭാഗമായ വെസ്റ്റ്ബാങ്ക് ഇസ്രേലി സേന ഭാഗികമായി നിയന്ത്രിക്കുന്നതു സുരക്ഷാച്ചുമതല എന്ന പേരിലാണ്. ഇസ്രയേലും പലസ്തീനും തമ്മിലുള്ള ഓസ്‌ലോ സമാധാന ഉടന്പടി പ്രകാരം വെസ്റ്റ് ബാങ്കിന്‍റെ ഒരു ഭാഗത്ത് മുനിസിപ്പൽ ചുമതകൾ പലസ്തീൻ അഥോറിറ്റിക്കും സുരക്ഷാച്ചുമതല ഇസ്രയേലിനുമാണ്. ഇസ്രയേൽ അനിശ്ചിതകാലത്തേക്ക് ഗാസയെ നിയന്ത്രിക്കില്ലെന്നും വെസ്റ്റ് ബാങ്കിലെ പലസ്തീൻ അഥോറിറ്റിക്കു നിയന്ത്രണം കൈമാറിയേക്കുമെന്നും വിലയിരുത്തലുണ്ട്. 1967ലെ യുദ്ധത്തിൽ ഇസ്രയേൽ ഗാസ പിടിച്ചെടുത്തിരുന്നതാണ്. 38 വർഷത്തെ അധിനിവേശത്തിനുശേഷം 2005ൽ സൈനികരും എണ്ണായിരം കുടിയേറ്റക്കാരും പിൻവാങ്ങി. പക്ഷേ, ഗാസയുടെ ആകാശവും തീരവും തുടർന്നും ഇസ്രേലി നിയന്ത്രണത്തിലാണ്. 2006ൽ നടന്ന തെരഞ്ഞെടുപ്പിലാണു ഹമാസ് ഗാസയിൽ അധികാരം പിടിച്ചത്.

article-image

sdfsf

You might also like

Most Viewed