സുഡാനിൽ സൈന്യവും അർദ്ധസൈനിക വിഭാഗവും തമ്മിൽ ഏറ്റുമുട്ടൽ; ഇന്ത്യക്കാർക്ക് മുന്നറിയിപ്പ്

ആഫ്രിക്കന്‍ രാജ്യമായ സുഡാനിൽ സൈന്യവും അർദ്ധസൈനിക വിഭാഗവും തമ്മിൽ ഏറ്റുമുട്ടൽ. തലസ്ഥാന നഗരമായ ഖാർത്തൂമിലാണ് വെടിവെയ്പും സംഘർഷവും റിപ്പോർട്ട് ചെയ്തത്. നഗരത്തിലെ സൈനിക ആസ്ഥാനത്തോട് ചേർന്നാണ് വെടിയൊച്ചകൾ കേൾക്കുന്നതെന്നാണ് ഒരു അന്താരാഷ്ട്ര വാർത്താ ഏജന്‍സി റിപ്പോർട്ട് ചെയ്യുന്നത്.
വിമാനത്താവളത്തിന്റെയും പ്രസിഡന്റിന്റെ കൊട്ടാരത്തിന്റെയും നിയന്ത്രണം പിടിച്ചെടുത്തതായി അർദ്ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് പ്രഖ്യാപിച്ചു. എന്നാൽ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
സംഘർഷം ഉടലെടുത്ത പശ്ചാത്തലത്തിൽ സുഡാനിലുള്ള പൗരന്‍മാർക്ക് ഇന്ത്യന്‍ എംബസി മുന്നറിയിപ്പ് നൽകി. അത്യാവശ്യ കാര്യങ്ങൾക്ക് അല്ലാതെ പുറത്തിറങ്ങരുതെന്നും വീടുകൾക്കുളളിൽ തന്നെ കഴിയണമെന്നുമാണ് ഇന്ത്യന്‍ എംബസിയുടെ നിർദ്ദേശം.
ഖാർത്തൂമിന്റെ ദക്ഷിണമേഖലയിലെ ഒരു ക്യാമ്പിന് നേർക്ക് ആക്രമണം നടന്നതായും റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് ആ ഗ്രാപിക്കുന്നു. ആർഎസ്എഫ് ഭടന്‍മാർ സൈനിക ആസ്ഥാനത്തിന്റെ നിയന്ത്രണം പിടിക്കാന്‍ ശ്രമിച്ചതായി സൈന്യവും പറയുന്നു.
2021 ഒക്ടോബറിലെ അട്ടിമറിയോടെ ഭരണം സൈനിക ജനറൽമാർ അടങ്ങിയ കൗണ്‍സിലിന് കീഴിലായിരുന്നു. കൗണ്‍സിലിലെ വൈസ് പ്രസിഡന്റിന്റെ നിയന്ത്രണത്തിലായിരുന്നു അർദ്ധസൈനിക വിഭാഗം. എന്നാൽ വീണ്ടും പൗരഭരണത്തിലേക്ക് മാറ്റാന്‍ നിർദ്ദേശം ഉയർന്നതാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണം. ഇതേച്ചൊല്ലിയാണ് സൈന്യവും അർദ്ധസൈനിക വിഭാഗവുമായി ഏറ്റുമുട്ടിയത് എന്നാണ് ലഭിക്കുന്ന വിവരം.
അധികാര മാറ്റത്തിന് പിന്നാലെ അർദ്ധസൈനിക വിഭാഗത്തെ പ്രധാന സൈന്യവുമായി ലയിപ്പിക്കാനും നിർദ്ദേശമുണ്ട്. എന്നാൽ ഇത് 10 വർഷത്തേക്ക് മരവിപ്പിക്കണമെന്നാണ് റാപ്പിഡ് സപ്പോർട്ട് ഫോഴ്സസിന്റെ ആവശ്യം. എന്നാൽ രണ്ട് വർഷത്തിനുളളിൽ നടപ്പാക്കണമെന്ന് സൈന്യവും ആവശ്യപ്പെട്ടത് തർക്കത്തിൽ കലാശിക്കുകയായിരുന്നു.
ാേൂാേ