രാജ്യം പൂർണമായും പാപ്പരായി; തുറന്നുപറച്ചിലുമായി പാക് പ്രതിരോധമന്ത്രി

ചരിത്രത്തിൽ ഇന്നുവരെ കണ്ടിട്ടില്ലാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ് പാകിസ്ഥാൻ. കുടിവെള്ളത്തിനുൾപ്പടെ വില കുതിച്ചുയർന്നതോടെ ജീവിക്കാൻ വഴികാണാതെ കഷ്ടപ്പെടുകയാണ് പാക് ജനത. ഇതിനിടെയാണ് രാജ്യം പൂർണമായും പാപ്പരായെന്ന പ്രസ്താവനയുമായി പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് രംഗത്തെത്തിയത്. കടുത്ത പ്രതിസന്ധിയിലൂടെയാണ് പാകിസ്ഥാൻ ഇപ്പോൾ സഞ്ചരിക്കുന്നതെന്നും രാജ്യം പൂർണമായും പാപ്പരായി കഴിഞ്ഞു എന്നുമാണ് മന്ത്രി പറഞ്ഞത്. സിയാൽകോട്ടിൽ ഒരു കോളേജിൽ നടന്ന ചടങ്ങിനിടെയായാണ് മന്ത്രി ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്.
പാകിസ്ഥാനിൽ സാമ്പത്തിക തകർച്ച സംഭവിച്ചുവെന്നത് നിങ്ങൾ കേട്ടുകാണും. അത് ശരിയാണ്. നിങ്ങൾ കേട്ടതെല്ലാം ഇതിനകം സംഭവിച്ചുകഴിഞ്ഞു. നമ്മളിപ്പോൾ പാപ്പരായ രാജ്യത്തെ നിവാസികളാണ്. അതിനാൽ ജനങ്ങൾ സ്വന്തം കാലിൽ ഉയർന്നുനിൽക്കാൻ പരിശ്രമിക്കണം. അത് അത്യാവശ്യമാണ്− മന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു. രാജ്യം പാപ്പരായെങ്കിലും അതിനുള്ള പരിഹാരം കാണാൻ രാജ്യത്തിന് കഴിയുമെന്ന പ്രത്യാശയും അദ്ദേഹം പ്രകടിപ്പിച്ചു. മന്ത്രി പറഞ്ഞതിനെ നിഷേധിച്ച് ഇതുവരെ ഭരണകൂടത്തിലെ ഒരാളും രംഗത്തുവന്നിട്ടില്ല.
രാജ്യത്തെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം ഇമ്രാൻ ഖാൻ സർക്കാർ ആണെന്നാണ് ഖ്വാജ ആസിഫ് കുറ്റപ്പെടുത്തുന്നത്. ഭീകരവാദം തഴച്ചുവളർന്നത് ഇമ്രാൻ സർക്കാരിന്റെ കാലത്താണ്. അന്ന് അയാൾ നടത്തിയ ചില കാര്യങ്ങളാണ് രാജ്യത്തെ ഇപ്പോഴത്തെ അവസ്ഥയിലാക്കിയത്. ഇപ്പോൾ ഭീകരതയാണ് പാകിസ്ഥാന്റെ വിധിയെന്നും ഖ്വാജ പറഞ്ഞു.
അതേസമയം, വൻ വിലക്കയറ്റമാണ് പാകിസ്ഥാനിൽ. ഇന്ധന വില ഉയർന്നതോടെയാണ് വിലക്കയറ്റം അതിന്റെ പരകോടിയിൽ എത്തിയത്. ഒരു ലിറ്റർ പാലിന്റെ വില ഇപ്പോൾ 250 രൂപയാണ്. പാകിസ്ഥാനിലെ പ്രധാന ഭക്ഷണങ്ങളിലൊന്നായ കോഴിയിറച്ചിക്കും വൻ വിലയാണ്. കോഴിയിറച്ചി കിലോയ്ക്ക് 780 രൂപയാണ് ഇപ്പോഴത്തെ വില. വരും ദിവസങ്ങളിലും വില വൻതോതിൽ കൂടിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഐഎംഎഫിന്റെ വായ്പ ലഭിക്കുന്നതോടെ രാജ്യത്തെ പ്രശ്നങ്ങൾക്ക് ഒരുപരിധിവരെ കുറയ്ക്കാനാവും എന്നാണ് കരുതുന്നത്.
grdsghd