മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരായ തീവ്രവാദ കുറ്റങ്ങൾ റദ്ദാക്കാൻ കോടതി ഉത്തരവ്

പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരായ തീവ്രവാദ കുറ്റങ്ങൾ റദ്ദാക്കാൻ കോടതി ഉത്തരവ്. ഖാനെതിരായ ആരോപണങ്ങൾ തീവ്രവാദ കുറ്റങ്ങൾ ചുമത്താൻ സാധിക്കുന്നവയല്ലെന്ന് നിരീക്ഷിച്ച് ഇസ്‌ലാമാബാദ് ഹൈക്കോടതിയാണ് തിങ്കളാഴ്ച ഉത്തരവിട്ടത്. ഇസ്‌ലാമാബാദ് അഡീഷനൽ സെഷൻസ് ജഡ്ജിക്കും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്കുമെതിരെ നടത്തിയ പരാമർശങ്ങളുടെ പേരിലാണ് ഖാനെതിരെ ഭീകരവിരുദ്ധ നിയമപ്രകാരം ഭീകരവാദ കുറ്റം ചുമത്തിയത്. ആഗസ്റ്റ് 20ന് ഇസ്‌ലാമാബാദിൽ നടത്തിയ പ്രസംഗത്തിൽ ഇമ്രാൻ ഖാൻ വനിതാ ജഡ്ജിയെ ഭീഷണിപ്പെടുത്തിയതായി ചൂണ്ടിക്കാട്ടി സദ്ദാർ മജിസ്ട്രേറ്റ് അലി ജാവേദ് നൽകിയ പരാതിയിലായിരുന്നു നടപടി. ഇസ്‌ലാമാബാദ് മർഗല്ല പൊലീസാണ് ഖാനെതിരെ കേസെടുത്തത്. തുടർന്ന് ഖാനെ അറസ്റ്റ് ചെയ്യാനുള്ള നീക്കവും സർക്കാർ നടത്തിയിരുന്നു. ഖാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും വനിതാ അഡീഷണൽ സെഷൻസ് ജഡ്ജിയെയും ഭീഷണിപ്പെടുത്തി, പൊലീസ് ഉദ്യോഗസ്ഥരെയും ജുഡീഷ്യറിയെയും അവരുടെ നിയമപരമായ ബാധ്യതകൾ നിർവഹിക്കുന്നതിൽ നിന്ന് തടയുക എന്നതാണ് ഭീഷണിയുടെ പ്രധാന ലക്ഷ്യം− എഫ്ഐആറിൽ പറയുന്നു. കേസിൽ മൂന്ന് ദിവസത്തേക്ക് ട്രാൻസിറ്റ് ജാമ്യത്തിലൂടെ ആഗസ്ത് 22ന് ഖാന് താൽക്കാലിക ആശ്വാസം ലഭിച്ചിരുന്നു. പിന്നീട് സെപ്തംബർ 12 വരെ ഇടക്കാല ജാമ്യം നീട്ടിയ കോടതി ഒരു ലക്ഷം രൂപ ബോണ്ടായി സമർപ്പിക്കാനും നിർദേശിച്ചിരുന്നു. വനിതാ ജഡ്ജിക്കെതിരായ വിവാദ പരാമർശം പിൻവലിക്കാൻ തയാറെന്ന് ഇമ്രാൻ ഖാൻ ആഗസ്റ്റ് 31ന് പറഞ്ഞിരുന്നു. ഇസ്‌ലാബാദിൽ നടന്ന ഒരു റാലിക്കിടെ, രാജ്യദ്രോഹക്കുറ്റം ചുമത്തി ഇമ്രാൻ ഖാന്റെ സഹായി ഷഹബാസ് ഗില്ലിനെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് ചെയ്ത ഷഹബാസിനെ തലസ്ഥാന പൊലീസിന്റെ റിപ്പോർട്ടിനെ തുടർന്ന് രണ്ട് ദിവസത്തേക്ക് റിമാന്‍ഡും ചെയ്തിരുന്നു. ഇതിൽ പ്രകോപിതനായാണ് ഇമ്രാൻ ഖാൻ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി സേബ ചൗധരിയെ ഭീഷണിപ്പെടുത്തിയത്. ∍അവർക്കെതിരെ നടപടിയെടുക്കും. തയാറായിരിക്കൂ∍ എന്നായിരുന്നു ഇമ്രാൻ ഖാന്‍റെ ഭീഷണി. കൂടാതെ, ഷഹബാസിനോടുള്ള പെരുമാറ്റത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ, വനിതാ മജിസ്ട്രേറ്റ്, പാക് തെരഞ്ഞെടുപ്പ് കമ്മീഷൻ, രാഷ്ട്രീയ എതിരാളികൾ എന്നിവർക്കെതിരെ കേസ് കൊടുക്കുമെന്നും ഇമ്രാൻ ഭീഷണിപ്പെടുത്തി.
പ്രസംഗത്തിൽ പൊലീസിനെയും ജുഡീഷ്യറിയെയും മറ്റ് സർക്കാർ സ്ഥാപനങ്ങളെയും ഭീഷണിപ്പെടുത്തിയതിന് ഇമ്രാനെതിരെ തീവ്രവാദ വിരുദ്ധ നിയമപ്രകാരം കേസെടുക്കുകയായിരുന്നു. ഇതിനു പിന്നാലെ ഇസ്‌ലാബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് മുഹ്സിൻ അക്തർ കയാനി അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഖാനെതിരെ കോടതിയലക്ഷ്യ നടപടികൾ ആരംഭിക്കുകയും കാരണംകാണിക്കൽ നോട്ടീസ് അയയ്ക്കുകയും ചെയ്തു. ആഗസ്റ്റ് 31ന് മറുപടി നൽകണം എന്നായിരുന്നു നിർദേശം. ഇതിനയച്ച രേഖാമൂലമുള്ള മറുപടിയിൽ, സേബ ചൗധരി ഒരു ജുഡീഷ്യൽ ഓഫീസറായിരുന്നുവെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നാണ് ഖാൻ പറഞ്ഞത്. താൻ പറഞ്ഞ വാക്കുകൾ ഉചിതമല്ലാത്തതിനാൽ അത് തിരിച്ചെടുക്കാൻ തയ്യാറാണെന്നും ഖാൻ മറുപടിയിൽ പറഞ്ഞു.
താൻ കോടതിയലക്ഷ്യമായിട്ട് ഒന്നും ചെയ്തിട്ടില്ലെന്നും ജഡ്ജിയെ ഭീഷണിപ്പെടുത്തിയെന്ന് കാണിക്കാനായി പ്രസംഗത്തിലെ ചില ഭാഗം മാത്രം തിരഞ്ഞെടുത്ത് പ്രചരിപ്പിക്കുകയാണെന്നും ഖാൻ അവകാശപ്പെട്ടു. മാത്രമല്ല, ഒരു ജഡ്ജിയുടെയോ പൊതുപ്രവർത്തകന്റെയോ മോശം പെരുമാറ്റത്തെക്കുറിച്ച് പരാതിപ്പെടാൻ ഓരോ പൗരനും നിയമപരമായ അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഖാനെതിരെ കേസെടുക്കുന്നതിന് സർക്കാർ കൂടിയാലോചന നടത്തുമെന്ന് ആഭ്യന്തരമന്ത്രി സനാഉല്ല നേരത്തെ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. സൈന്യത്തെയും മറ്റ് സ്ഥാപനങ്ങളെയും ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളുടെ തുടർച്ചയാണ് ഖാന്റെ പ്രസംഗമെന്നും അവർ ആരോപിച്ചു. ആറ് സൈനിക ഉദ്യോഗസ്ഥർ കൊല്ലപ്പെട്ട ലാസ്ബെല സംഭവത്തിന്റെ തുടർച്ചയായാണ് ഇതെല്ലാം സംഭവിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഇമ്രാൻ ഖാന്റെ പ്രസംഗങ്ങൾ തൽസമയം സംപ്രേഷണം ചെയ്യുന്നതിന് പാകിസ്താനിൽ വിലക്കും ഏർപ്പെടുത്തി. ടി.വി ചാനലുകളിൽ ഈ പ്രസംഗങ്ങൾ ഇനി കാണിക്കരുതെന്നാണ് അധികൃതരുടെ നിർദേശം. സർക്കാർ സ്ഥാപനങ്ങൾക്കെതിരായ ഉള്ളടക്കങ്ങൾ ബ്രോഡ്കാസ്റ്റ് ചെയ്യരുതെന്ന തുടർച്ചയായ മുന്നറിയിപ്പുകൾ ലഭിച്ചിട്ടും ചാനലുകൾ നടപടിയെടുക്കുന്നതിൽ പരാജയപ്പെട്ടെന്ന് പാകിസ്താൻ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി പറഞ്ഞു.