ജപ്പാനിൽ ആദ്യത്തെ മങ്കി പോക്സ് കേസ് സ്ഥിരീകരിച്ചു; ജാഗ്രതയിൽ രാജ്യം

ജപ്പാനിൽ ആദ്യ മങ്കിപോക്‌സ് സ്ഥിരീകരിച്ചു. തലസ്ഥാനമായ ടോക്കിയോയിലെ മുപ്പത് വയസുള്ള വ്യക്തിക്കാണ് രോഗം സ്ഥിരീകരിച്ചത്. ജൂൺ അവസാനം ഇയാൾ യൂറോപ്പിലേക്ക് യാത്ര നടത്തിയിരുന്നു.
ടോക്കിയോയിലെ ആശുപത്രിയിലാണ് രോഗിയെന്നും നിലവിൽ ഇയാളുടെ ആരോഗ്യസ്ഥിതിയിൽ ആശങ്കയില്ലെന്നും ആരോഗ്യ വിഭാഗം അറിയിച്ചു. രോഗം സംശയിക്കുന്നവർക്ക് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫെക്ഷൻസ് ഡിസീസിലോ പബ്ലിക് ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ടുകളിലോ പരിശോധനയ്‌ക്ക് വിധേയമാകാമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
എന്നാൽ രാജ്യത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതുൾപ്പെടെയുളള കാര്യങ്ങളിൽ തിടുക്കപ്പെട്ട് തീരുമാനമെടുക്കില്ലെന്നും ഡെപ്യൂട്ടി ചീഫ് ക്യാബിനറ്റ് സെക്രട്ടറി യോഷിഹികോ ഇസോസാകി വ്യക്തമാക്കി. രോഗവ്യാപനം തടയാൻ ദൗത്യസംഘത്തെ നിയോഗിക്കുകയും ചെയ്തു.
രാജ്യത്ത് മങ്കി പോക്‌സ് പടർന്ന് പിടിക്കാനുള്ള സാധ്യത പരിശോധിക്കുന്നതിനും അവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനും സർക്കാർ യോഗം വിളിച്ചിരുന്നു. രോഗവ്യാപനം തടയാൻ ദൗത്യ സംഘത്തെ നിയോഗിച്ചതായി ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി ചീഫ് ക്യാബിനറ്റ് സെക്രട്ടറി തകാഷി മുറാത പറഞ്ഞു. അതെസമയം മങ്കി പോക്സിനെ കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടന ആഗോള പകർച്ചവ്യാധിയായി പ്രഖ്യാപിച്ചിരുന്നു.